കൊച്ചി: പശ്ചിമേഷ്യയിൽ സൈനിക സംഘർഷം കടുക്കുന്നതിനിടെ സംസ്ഥാനത്ത് സ്വർണവിലയും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയും കുതിച്ചുയരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ച് 13,500 രൂപയും, പവന് 560 രൂപ വർധിച്ച് 1,08,000 രൂപയുമായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് നിരക്ക് 4,165.87 ഡോളറായി ഉയർന്നെങ്കിലും ഗോൾഡ് ഫ്യൂച്ചേഴ്സ് നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും നൂറ് ഡോളറിലേക്ക് അടുക്കുകയാണ്. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വ്യാപാരം 1.76 ശതമാനം ഉയർന്ന് 96 ഡോളറിലും, ഡബ്ല്യു.ടി.ഐ ക്രൂഡ് 1.41 ശതമാനം നേട്ടത്തോടെ 88 ഡോളറിലുമാണ് പുരോഗമിക്കുന്നത്. എണ്ണവില 100 ഡോളർ തൊട്ടാൽ സ്വർണവിലയിലും ആഗോള സാമ്പത്തിക രംഗത്തും എന്തു സംഭവിക്കുമെന്നത് പ്രവചനാതീതമാണെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
പശ്ചിമേഷ്യൻ മേഖലയിലുണ്ടായ വിമാന-നാവിക ആക്രമണങ്ങളാണ് എണ്ണവില കുതിച്ചുയരാൻ പ്രധാന കാരണമായത്. വാണിജ്യ-യാത്രാ കപ്പലുകൾക്കെതിരായ ഭീഷണി കുറയ്ക്കുന്നതിന്റെ ഭാഗമായി ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെ യു.എസ് സെൻട്രൽ കമാൻഡ് തുടർച്ചയായി 12-ാം രാത്രിയും ശക്തമായ ആക്രമണം നടത്തി. ഇതോടൊപ്പം, തങ്ങളുടെ അനുമതിയില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് കടന്നുപോകാൻ കഴിയില്ലെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകുകയും അവിടെയെത്തിയ രണ്ട് കപ്പലുകളെ തിരിച്ചയക്കുകയും ചെയ്തു.
മറുവശത്ത് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിക്കുകയും സൗദി എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കുകയും ചെയ്തു. സൗദിയുടെ രണ്ട് ടാങ്കറുകൾ ലക്ഷ്യമിട്ടതായി അവകാശപ്പെട്ട ഹൂതികൾ, ബാബ് എൽ-മൻഡെബ് കടലിടുക്കിൽ നിന്ന് ഒമ്പതിലധികം കപ്പലുകളെ നിർബന്ധിതമായി തിരിച്ചുവിട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റങ്ങൾ ഇന്ത്യയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. പശ്ചിമേഷ്യൻ യുദ്ധം കാരണം 75,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഇന്ത്യൻ എണ്ണക്കമ്പനികൾ കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക ആശ്വാസമോ നഷ്ടപരിഹാരമോ ലഭിക്കാതെ ഇനി മുന്നോട്ടുപോകാനാവില്ലെന്നാണ് കമ്പനികളുടെ നിലപാട്. രാജ്യാന്തര വിപണിയിൽ എണ്ണവില ഇനിയും ഉയർന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വലിയ വർധനവുണ്ടാകാൻ സാധ്യതയുണ്ട്.
