ഇന്ത്യൻ സിനിമ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’ (Toxic) സിനിമയുടെ സെറ്റിൽ നിന്നുള്ള ബിഹൈൻഡ് ദി സീൻസ് (BTS) വീഡിയോ പുറത്തുവിട്ടു. ചിത്രത്തിന്റെ സംവിധായിക ഗീതു മോഹൻദാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഈ സർപ്രൈസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ വലിയ ക്യാൻവാസും ഗീതുവിന്റെ ശക്തമായ മേക്കിങ് രീതിയും വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങൾ.
സെറ്റിലെ ഗീതുവിന്റെ സർഗ്ഗാത്മക കഴിവിലേക്കും ശക്തമായ സാന്നിധ്യത്തിലേക്കും വിരൽ ചൂണ്ടുന്നതാണ് പുറത്തുവന്ന വീഡിയോ. വൻതോതിലുള്ള ആക്ഷൻ രംഗങ്ങൾ നിയന്ത്രിച്ചും, അഭിനേതാക്കളുടെ പ്രകടനങ്ങൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകിയും, ഒരു കൂറ്റൻ ഷൂട്ടിംഗ് സംഘത്തെ അതീവ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും ഗീതു നയിക്കുന്നത് വീഡിയോയിൽ കാണാം.
“വ്യത്യസ്തമായ അനുഭവം സമ്മാനിച്ച ഓരോ ഷോട്ടിനും പിന്നിൽ, ഡയലോഗുകൾക്ക് പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സംസാരിച്ച ഓരോ നിശബ്ദതയ്ക്കും പിന്നിൽ അവരുണ്ടായിരുന്നു! ജന്മദിനാശംസകൾ ഗീതു മോഹൻദാസ്,” എന്ന ഹൃദ്യമായ സന്ദേശത്തോടൊപ്പമാണ് അണിയറപ്രവർത്തകർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായ ‘ടോക്സിക്’ യാഥാർത്ഥ്യമാക്കുന്നതിൽ സംവിധായിക എന്ന നിലയിൽ ഗീതുവിന്റെ പങ്ക് എത്രത്തോളം വലുതാണെന്ന് ഈ വീഡിയോ അടിവരയിടുന്നു. ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതും വലിയ ക്യാൻവാസിലുള്ളതുമായ ഒരു സിനിമ നിയന്ത്രിക്കാൻ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മുന്നോട്ട് വന്നിട്ടുള്ള വളരെ ചുരുക്കം ചില വനിതാ സംവിധായികമാരിൽ ഒരാളാണ് ഗീതു മോഹൻദാസ് എന്നതും ഈ ചിത്രത്തെ ഏറെ സവിശേഷമാക്കുന്നു. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
