വയനാട്: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും അപകട സാധ്യതകളും കണക്കിലെടുത്ത് ജില്ലയിൽ നിന്നുള്ള അന്തർ സംസ്ഥാന യാത്രകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് വരും ദിവസങ്ങളിൽ ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കളക്ടറുടെ ഈ നടപടി.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ നിന്നും വയനാട്ടിലേക്ക് എത്തുന്ന വാഹനങ്ങൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നീലഗിരി ജില്ലാ ഭരണകൂടത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വയനാട്ടിലെ പ്രതികൂല കാലാവസ്ഥ മാറി നില മെച്ചപ്പെടുന്നത് വരെ യാത്രാ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും (MVD) ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ റോഡുകളിലെ കാഴ്ചമങ്ങലും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് ഡ്രൈവർമാരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
