കോഴിക്കോട്: വടകരയിലെ എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് അധ്യാപികമാരിൽ ഒരാളായ കാവ്യയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ച് പ്രതി. ലഹരിക്കേസിലെ പ്രധാന കണ്ണിയാണോ എന്ന ചോദ്യത്തോട് “താൻ പെട്ടുപോയതാണ്” എന്നായിരുന്നു കാവ്യയുടെ പ്രതികരണം. അറസ്റ്റിലായ മറ്റൊരു അധ്യാപിക കീർത്തന നൽകിയ മൊഴിയെക്കുറിച്ച് ചോദിച്ചപ്പോൾ, അവൾ പറയുന്നത് ശരിയല്ലെന്നും യഥാർത്ഥ സംഭവം താൻ പറയാമെന്നും കാവ്യ വ്യക്തമാക്കിയെങ്കിലും പൊലീസ് കൂടുതൽ സംസാരിക്കാൻ അനുവദിക്കാതെ കോടതിയിലേക്ക് കൊണ്ടുപോയി.
കേസിലെ പ്രതികളായ വി.പി. നീഷ്മ, കാവ്യ എന്നിവരെ വടകര കോടതി വെള്ളിയാഴ്ച വൈകിട്ട് നാല് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. സർവശിക്ഷ കേരളയ്ക്ക് (SSK) കീഴിൽ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ അധ്യാപകർക്ക് പരിശീലനം നൽകിയിരുന്ന അധ്യാപികമാരാണ് ലഹരി കേസിൽ കുടുങ്ങിയ നീഷ്മ, കാവ്യ, കീർത്തന എന്നിവർ.
ലഹരി വിൽപനയിലൂടെ ലഭിച്ച പണം ഓൺലൈൻ ഡെലിവറി ഏജന്റായ ജിജിൽ കുര്യാക്കോസിനാണ് ഇവർ കൈമാറിയിരുന്നത്. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന, നിരവധി ലഹരിക്കേസുകളിൽ പ്രതിയായ ഷിന്റോ ഷിബുവിനായി (22) പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വാട്സാപ് സന്ദേശങ്ങൾ വഴിയാണ് ഇയാൾ ലഹരി ഇടപാടുകൾ ആസൂത്രണം ചെയ്തിരുന്നത്.
#KozhikodeNews #Vadakara #MDMA #DrugRacket #KeralaPolice #KeralaCrime #TeacherDrugCase #MalayalamNews
