ഇൻസ്റ്റാഗ്രാമിൽ ഇനി വെറുതെ റീൽസുകളും ഫോട്ടോകളും പോസ്റ്റ് ചെയ്താൽ മാത്രം റീച്ച് കിട്ടില്ല. ഉള്ളടക്കങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള തങ്ങളുടെ അൽഗോരിതത്തിൽ (Algorithm) മെറ്റാ (Meta) വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. കേവലം ലൈക്കുകളുടെ എണ്ണം നോക്കി വീഡിയോകൾ വൈറലാക്കുന്ന പഴയ രീതി പൂർണ്ണമായും അവസാനിപ്പിച്ച്, ഉപയോക്താക്കളുടെ കൃത്യമായ ഇടപെടലുകൾക്ക് മുൻഗണന നൽകുന്ന സ്മാർട്ട് ഫീച്ചറുകളാണ് പുതിയ അൽഗോരിതത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇൻസ്റ്റാഗ്രാം ഇപ്പോൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് ‘വാച്ച് ടൈമിനും’ (Watch time), ‘ഡയറക്ട് മെസ്സേജ് (DM) ഷെയറുകൾക്കുമാണ്’. അതായത്, ഒരാൾ നിങ്ങളുടെ റീൽസ് എത്ര സമയം കണ്ടിരിക്കുന്നു എന്നതും, അത് എത്രപേർക്ക് ഇൻബോക്സ് വഴി ഷെയർ ചെയ്തു എന്നതുമാണ് ഇനി വീഡിയോയുടെ റീച്ച് നിശ്ചയിക്കുക. ലൈക്കുകളേക്കാൾ മൂന്നിരട്ടി പ്രാധാന്യമാണ് വാച്ച് ടൈമിന് പുതിയ അൽഗോരിതം നൽകുന്നത്. കൂടാതെ, റീൽസിന്റെ ആദ്യ 3 സെക്കൻഡുകൾക്കുള്ളിൽ ആളുകളെ ആകർഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ വീഡിയോകളുടെ റീച്ച് അൽഗോരിതം തന്നെ കുറയ്ക്കും.
മറ്റുള്ളവരുടെ വീഡിയോകളും മീമുകളും ഡൗൺലോഡ് ചെയ്ത് സ്വന്തം അക്കൗണ്ടിൽ റീ-പോസ്റ്റ് ചെയ്യുന്ന ‘അഗ്രിഗേറ്റർ’ (Aggregator) അക്കൗണ്ടുകൾക്ക് പുതിയ മാറ്റം തിരിച്ചടിയാകും. ഒറിജിനൽ ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി, റീ-പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളുടെയും റീൽസുകളുടെയും റീച്ച് ഇൻസ്റ്റാഗ്രാം വൻതോതിൽ വെട്ടിക്കുറയ്ക്കാൻ തുടങ്ങി കഴിഞ്ഞു. സ്വന്തമായി നിർമ്മിക്കുന്ന വ്യത്യസ്തമായ ഉള്ളടക്കങ്ങൾക്ക് (Original Content) മാത്രമേ ഇനി ഇൻസ്റ്റാഗ്രാമിൽ കൂടുതൽ റീച്ച് ലഭിക്കൂ. ഹാഷ്ടാഗുകളേക്കാൾ കൂടുതൽ കാപ്ഷനുകളിലെ കീവേഡുകൾ അടിസ്ഥാനമാക്കിയുള്ള സെർച്ചിങ് രീതിക്കാണ് (Instagram SEO) പുതിയ അൽഗോരിതം മുൻഗണന നൽകുന്നത്
