തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ മകനും സംവിധായകനുമായ ജെയ്സൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളും വ്യക്തിജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങളും പങ്കുവെച്ച് രംഗത്ത്. ‘ബിഹൈൻഡ് വുഡ്സ്’ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അച്ഛന്റെ രാഷ്ട്രീയ വിജയത്തെക്കുറിച്ചും അദ്ദേഹം നൽകിയ ജീവിതോപദേശങ്ങളെക്കുറിച്ചും ജെയ്സൺ മനസ്സ് തുറന്നത്. അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
അച്ഛന്റെ രാഷ്ട്രീയ വിജയത്തെ ഒരു “ചരിത്രപരമായ വിപ്ലവം” എന്നാണ് ജെയ്സൺ വിശേഷിപ്പിച്ചത്. സംസ്ഥാന മുഖ്യമന്ത്രിയുടെ മകൻ എന്ന നിലയിൽ ഇനി മുതൽ തന്റെ ഓരോ വാക്കുകളിലും പ്രവൃത്തികളിലും കൂടുതൽ ശ്രദ്ധയും ഉത്തരവാദിത്തവും വേണമെന്ന് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“സ്വന്തമായൊരു വ്യക്തിത്വവും പേരും ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു അച്ഛൻ എനിക്ക് നൽകിയ ഉപദേശം. അത് തന്നെയാണ് എന്റെയും ആഗ്രഹം. ആ വാക്കുകൾ ഞാൻ എപ്പോഴും മനസ്സിൽ സൂക്ഷിക്കും. ഞങ്ങൾ രണ്ടുപേരും ഒരേപോലെ ചിന്തിക്കുന്ന ആളുകളാണ്. അതിനാൽ അച്ഛന്റെ പാത പിന്തുടരുന്നത് ലക്ഷ്യങ്ങൾ കൈവരിക്കാൻ എന്നെ ഏറെ സഹായിക്കുന്നുണ്ട്,” ജെയ്സൺ വ്യക്തമാക്കി.
‘നീ എന്താണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ച് ഞാൻ ഇങ്ങോട്ട് വരില്ല’ എന്ന് അച്ഛൻ തന്നോട് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ജെയ്സൺ വെളിപ്പെടുത്തി. സ്വന്തം അനുഭവങ്ങളിലൂടെ തന്നെ പല കാര്യങ്ങളും പഠിച്ചെടുക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇത്തരത്തിൽ കാര്യങ്ങൾ പഠിപ്പിച്ചതിന് അച്ഛനും അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും ജെയ്സൺ നന്ദി രേഖപ്പെടുത്തി.
താൻ സംവിധാനം ചെയ്യുന്ന ‘സിഗ്മ’യിൽ അച്ഛൻ വിജയും ഹോളിവുഡ് താരം ജെയ്സൺ സ്റ്റാഥമും ഒരുമിച്ച് അഭിനയിക്കണമെന്നത് തന്റെ വലിയൊരു ആഗ്രഹമാണെന്നും അദ്ദേഹം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
