കൊച്ചി/ദുബൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ (Kerala Blasters FC) ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിപിഎസ് ഹെൽത്ത് (VPS Healthcare) ഗ്രൂപ്പ് വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ നീക്കം നടത്തുന്നുവെന്ന രീതിയിൽ പുറത്തുവന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു കമ്പനി അധികൃതർ.
വിപിഎസ് ഹെൽത്തോ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലോ ക്ലബ്ബ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചകളുടെയോ നടപടികളുടെയോ ഭാഗമായിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്ന് വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി.
“ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിപിഎസ് ഹെൽത്തോ ഡോ. ഷംഷീർ വയലിലോ യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ല. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണ്,” അധികൃതർ അറിയിച്ചു.
മഞ്ഞപ്പടയുടെ പുതിയ ഉടമയായി ഡോ. ഷംഷീർ വയലിൽ എത്തിയേക്കുമെന്നും ക്ലബ്ബിന്റെ കൈമാറ്റ ചർച്ചകൾ നടക്കുന്നുണ്ടെന്നുമുള്ള തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണവുമായി വിപിഎസ് ഹെൽത്ത് രംഗത്തെത്തിയത്.
