കൊച്ചി: വയനാട് കള്ളാടിയിലുണ്ടായ മാരകമായ മണ്ണിടിച്ചിലിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും (കെ.എസ്.ഡി.എം.എ) കരാർ കമ്പനിയുടെയും ഗുരുതരമായ നിയമവീഴ്ചകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്. പദ്ധതി പ്രദേശത്ത് അപകടസാധ്യത ഒഴിവാക്കുന്നതിനായി കുന്നുകൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്ന് ബോധപൂർവ്വം ഒഴിഞ്ഞുമാറിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗത്തുനിന്ന് നിയമപരമായ വലിയ വീഴ്ചയാണ് ഉണ്ടായതെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ അടിവരയിടുന്നു.
പദ്ധതിക്ക് പരിസ്ഥിതി അനുമതി ഉണ്ടെന്ന ബാലിശമായ കാരണം പറഞ്ഞ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഈ നിർണ്ണായക വിഷയത്തിൽ ഇടപെടാതെ ഫയൽ മടക്കുകയാണുണ്ടായത്. ദുരന്തസാധ്യതയുള്ള ഏത് നിർമ്മാണ പ്രവർത്തനവും പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാൻ അതോറിറ്റിക്ക് നിയമപരമായ പൂർണ്ണ അധികാരമുണ്ട്. എന്നിട്ടും ഈ ചുമതലകളിൽ നിന്നെല്ലാം ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറി. നിലവിലുള്ള ദുരന്തനിവാരണ നിയമത്തിന് തികച്ചും വിരുദ്ധമായ നിലപാടാണ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിച്ചതെന്നും അമിക്കസ് ക്യൂറി കുറ്റപ്പെടുത്തുന്നു.
പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് നടത്തുന്ന ഈ പദ്ധതിയിൽ കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോണിനും വകുപ്പിനും ഒരുപോലെ വീഴ്ച സംഭവിച്ചിട്ടുണ്ട്. പദ്ധതി നിർവ്വഹണം കൃത്യമായ നിയമങ്ങൾ പാലിച്ചാണോ നടക്കുന്നത് എന്ന് പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായില്ല. കരാർ പ്രകാരം നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിക്കാൻ നിശ്ചിത സ്ഥലം നിർദ്ദേശിച്ചിരുന്നെങ്കിലും കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ഈ വ്യവസ്ഥ പാലിച്ചില്ല. ഇതിനുപുറമെ, കള്ളാടിയിൽ അതിതീവ്ര മഴയുള്ള സാഹചര്യത്തിലും പണി തുടരുകയും നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ തോതിലുള്ള വീഴ്ച വരുത്തുകയും ചെയ്തതായും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
