വൻ മാറ്റങ്ങളോടെയും പുത്തൻ സവിശേഷതകളോടെയുമാകും ആപ്പിളിന്റെ പുതിയ ‘ഐഫോൺ 18 പ്രോ’ മോഡലുകൾ വിപണിയിലെത്തുകയെന്ന് റിപ്പോർട്ടുകൾ. മുൻ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ കനമുള്ള ഫോണുകളാകും ഇവയെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ സൂചനകൾ. വലിയ ബാറ്ററി, മെച്ചപ്പെട്ട ക്യാമറ പെർഫോമൻസ് എന്നിവയാകും 18 പ്രോ മോഡലുകളുടെ പ്രധാന ആകർഷണം.
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നീ മോഡലുകൾക്ക് നിലവിലെ 17 പ്രോ മോഡലുകളേക്കാൾ ഏകദേശം 2 മി.മീറ്ററോളം കൂടുതൽ കനമുണ്ടായിരിക്കുമെന്നാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിലെ പ്രമുഖ ടിപ്സ്റ്ററായ ‘ഫിക്സഡ് ഫോക്കസ് ഡിജിറ്റൽ’ വ്യക്തമാക്കുന്നത്. ഇത് ശരിയാണെങ്കിൽ ഫോണിന്റെ ആകെ കനം 10.75 മി.മീറ്ററായി ഉയരും.
എന്നാൽ, ഫോണിന്റെ ബോഡി തിക്ക്നസ്സ് നിലവിലെ 8.75 മി.മീറ്ററിൽ തന്നെ നിലനിർത്തിക്കൊണ്ട്, പുറകിലെ ക്യാമറ ബമ്പ് മാത്രമായിരിക്കും ആപ്പിൾ വലുതാക്കുകയെന്നാണ് പ്രമുഖ ഡിജിറ്റൽ പബ്ലിക്കേഷനായ ‘മാക്വേൾഡ്’ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ അന്തിമ ഡിസൈനിൽ എന്ത് മാറ്റമുണ്ടാകുമെന്നതിൽ ഇതുവരെ പൂർണ്ണ വ്യക്തത വന്നിട്ടില്ല.
അതേസമയം മോഡലുകളുടെ കളർ വേരിയന്റുകളിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. മുൻവർഷത്തെപ്പോലെ ഇത്തവണയും കറുപ്പ് കളർ വേരിയന്റ് ലഭ്യമായേക്കില്ലെന്നാണ് വിവരങ്ങൾ. ഡാർക്ക് ചെറി, ലൈറ്റ് ബ്ലൂ, സിൽവർ എന്നീ നിറങ്ങളിലാകും പുതിയ ഫോണുകൾ എത്തുക. തുടർച്ചയായ രണ്ടാം വർഷമാണ് പ്രോ മോഡലുകളിൽ നിന്ന് ബ്ലാക്ക് അല്ലെങ്കിൽ ഡാർക്ക് ഗ്രേ നിറങ്ങൾ കമ്പനി ഒഴിവാക്കുന്നത്. റോയൽ ഡാർക്ക് ഷേഡുകൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് ഇത് വലിയ നിരാശ നൽകുന്ന വാർത്തയാണ്.
ഈ മാറ്റങ്ങളെയോ പുതിയ ഫീച്ചറുകളെയോ കുറിച്ച് ആപ്പിൾ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ഔദ്യോഗിക ലോഞ്ച് ഇവന്റിൽ മാത്രമേ ഫോണിന്റെ അന്തിമ ഡിസൈനും മറ്റ് സവിശേഷതകളും കമ്പനി വെളിപ്പെടുത്തൂ.
