ന്യൂഡൽഹി: തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സർവർ തകരാർ, പേയ്മെന്റ് പരാജയം, സ്ലോ ലോഡിങ് തുടങ്ങിയ തടസ്സങ്ങൾ അനുഭവിക്കുന്ന ലക്ഷക്കണക്കിന് യാത്രികർക്ക് ആശ്വാസവാർത്ത. കൂടുതൽ വേഗതയും സൗകര്യങ്ങളുമുള്ള പുതിയ വെബ്സൈറ്റ് അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് രണ്ടാം ആഴ്ചയോടെ പുതിയ പോർട്ടൽ പ്രവർത്തനസജ്ജമായേക്കും.
രാജസ്ഥാനിൽ നടന്ന ഒരു പരിപാടിക്കിടെ വിദ്യാർത്ഥികൾ നിലവിലെ വെബ്സൈറ്റിന്റെ പോരായ്മകൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ആധുനിക രീതിയിലുള്ള മാറ്റങ്ങൾക്ക് വഴിതുറന്നത്.
പ്രധാന സവിശേഷതകളും മാറ്റങ്ങളും:
-
തടസ്സങ്ങളില്ലാത്ത തത്കാൽ ബുക്കിങ്: ബുക്കിങ് വേളയിൽ വലിയ തടസ്സമുണ്ടാക്കുന്ന പോപ്പ്-അപ്പ് പരസ്യങ്ങളും ആവർത്തിച്ചുള്ള ക്യാപ്ച പരിശോധനകളും പരമാവധി ഒഴിവാക്കും.
-
സീറ്റ് തിരഞ്ഞെടുക്കാം: യാത്രക്കാർക്ക് ബുക്കിങ് സമയത്ത് തന്നെ ഇഷ്ടമുള്ള ബെർത്തോ സീറ്റോ നേരിട്ട് തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകും.
-
ഫെയർ കലണ്ടർ: വിവിധ ദിവസങ്ങളിലെ ടിക്കറ്റ് നിരക്കുകൾ തമ്മിൽ എളുപ്പത്തിൽ താരതമ്യം ചെയ്യാനും യാത്രാ തീയതികളിൽ മാറ്റം വരുത്തി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ കണ്ടെത്താനും ഇത് സഹായിക്കും.
-
ഒരൊറ്റ സ്ക്രീനിൽ സീറ്റ് ലഭ്യത: സ്ലീപ്പർ, എസി 3-ടയർ, എസി 2-ടയർ തുടങ്ങി എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഇനി ഒരൊറ്റ സ്ക്രീനിൽ തത്സമയം കാണാം.
-
പ്രാദേശിക ഭാഷകളും ഇളവുകളും: കൂടുതൽ ഇന്ത്യൻ ഭാഷകൾക്ക് പിന്തുണ ലഭിക്കും. കൂടാതെ ഭിന്നശേഷിക്കാർ, വിദ്യാർത്ഥികൾ, രോഗികൾ എന്നിവർക്കുള്ള ഇളവ് (Concession) ടിക്കറ്റുകൾ ഒരേ പ്ലാറ്റ്ഫോമിലൂടെ തന്നെ ബുക്ക് ചെയ്യാനാകും.
സാങ്കേതിക മികവ് പ്രധാനം:
നിലവിലെ സംവിധാനത്തിന് ഒരു മിനിറ്റിൽ 32,000 ടിക്കറ്റുകൾ മാത്രം കൈകാര്യം ചെയ്യാൻ സാധിക്കുമ്പോൾ, പുതിയ പ്ലാറ്റ്ഫോമിന് മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റുകൾ കൈകാര്യം ചെയ്യാനാകും. അതുപോലെ, നിലവിൽ മിനിറ്റിൽ 4 ലക്ഷം എൻക്വയറികൾ കൈകാര്യം ചെയ്യുന്ന സംവിധാനം, പുതിയ പതിപ്പിൽ മിനിറ്റിൽ 40 ലക്ഷത്തിലധികം എൻക്വയറികൾ താങ്ങാൻ ശേഷിയുള്ളതായി മാറും. ഇതോടെ തത്കാൽ സമയത്തെ സർവർ ക്രാഷിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
