ആലപ്പുഴ: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (PSC) പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ മാറി വിതരണം ചെയ്തതാണ് പരീക്ഷ അടിയന്തരമായി റദ്ദാക്കാൻ കാരണമായത്. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുമെന്ന് പിഎസ്സി അറിയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷം നടത്തേണ്ടിയിരുന്ന രണ്ടാം ഘട്ട പരീക്ഷയുടെ ചോദ്യപേപ്പറാണ് രാവിലെ നടന്ന ഒന്നാം ഘട്ട പരീക്ഷയിൽ ഉദ്യോഗാർത്ഥികൾക്ക് മാറി നൽകിയത്.
ആലപ്പുഴയിലെ ഒരു സ്കൂളിലാണ് ചോദ്യപേപ്പർ മാറിയ വിവരം ആദ്യം പുറത്തുവന്നത്. എന്നാൽ ഇതിന് പിന്നാലെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലും ഇതേ ചോദ്യപേപ്പർ തന്നെയാണ് വിതരണം ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.05 വരെ നടത്താനിരുന്ന പരീക്ഷയാണ് ഇതോടെ റദ്ദാക്കേണ്ടി വന്നത്. ചോദ്യപേപ്പർ മാറി വിതരണം ചെയ്തതോടെ ഉച്ചയ്ക്കത്തെ പരീക്ഷയുടെ ചോദ്യങ്ങൾ മുൻകൂട്ടി ചോരുന്ന അവസ്ഥയാണ് ഉണ്ടായത്.
സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ റദ്ദാക്കിയതെന്നാണ് പിഎസ്സിയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ എല്ലാ ജില്ലകളിലും ചോദ്യപേപ്പർ മാറിയതായി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ, ചോദ്യപേപ്പർ തരംതിരിച്ച് വിതരണം ചെയ്തതിൽ പിഎസ്സിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പിഎസ്സിയുടെ ഈ വീഴ്ച കാരണം പരീക്ഷയ്ക്കെത്തിയ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്.
