ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ മുൻ സൈനിക സഹായിയും (എ.ഡി.സി) പാരാ സ്പെഷ്യൽ ഫോഴ്സ് ഓഫീസറുമായ മേജർ ഋഷഭ് സിങ് സംബ്യാൽ സൈന്യത്തിൽ നിന്ന് സ്വമേധയാ വിരമിച്ചതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പ്രതികരണവുമായി രംഗത്ത്. 12 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷമാണ് 31-കാരനായ മേജർ ഋഷഭ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് അദ്ദേഹം പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്ക് മറുപടി നൽകിയത്.
വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് വിരമിച്ചതെന്നും, ഈ തീരുമാനം ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിരമിക്കാനുള്ള തീരുമാനത്തിന് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശിയെ വിവാഹം കഴിക്കാനാണ് സൈന്യത്തിൽ നിന്ന് വിരമിച്ചതെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ഉടനെയൊന്നും വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും നിലവിൽ താൻ സിംഗിളാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രപതിയെ ഔദ്യോഗിക പരിപാടികളിലും വിദേശ പര്യടനങ്ങളിലും അനുഗമിച്ചിരുന്ന മേജർ ഋഷഭിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. അതീവ ശ്രദ്ധയോടും കരുതലോടും കൂടിയുള്ള അദ്ദേഹത്തിന്റെ സേവന മികവ് ദേശീയ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
#RishabhSinghSambyal #IndianArmy #ParaSF #ADC #DroupadiMurmu #NationalCrush #IndianDefence #TrendingNews
