മലയാളത്തിൽ വൻ വിജയം കൊയ്ത ‘പ്രേമലു’വിന്റെ ഹിന്ദി റീമേക്ക് ടീസർ പുറത്തിറങ്ങി. ‘പ്രേം കീടാണു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വീർ പഹാരിയ, ആഫിയ സയിദ്, അപർശക്തി ഖുറാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘പ്രേമലു’വിന്റെ അതേ കഥ പൂർണ്ണമായി പകർത്തുന്നതിന് പകരം, അതിലെ പ്രധാന ഭാഗങ്ങൾ മാത്രം അടർത്തിയെടുത്താണ് ഹിന്ദി പതിപ്പ് ഒരുക്കിയിരിക്കുന്നത്. ഐടി കമ്പനി പശ്ചാത്തലമാക്കിയായിരുന്നു മലയാളം ചിത്രമെങ്കിൽ, ഹിന്ദിയിൽ കോളജ് സൗഹൃദങ്ങൾ കേന്ദ്രീകരിച്ചുള്ള റൊമാന്റിക് കോമഡി എന്റർടെയ്നറായാണ് ചിത്രം എത്തുന്നത്.
‘സിർഫ് ഏക് ബന്ദാ കാഫി ഹൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അപൂർവ് സിങ് കർക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസുമായി ചേർന്ന് അവനിക ഫിലിംസാണ് നിർമാണം. ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തും. ഹിന്ദി പതിപ്പിന്റെ റിലീസിന് മുന്നോടിയായി ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ നിന്ന് ‘പ്രേമലു’ താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്.
2024-ൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘പ്രേമലു’വിൽ നസ്‌ലൻ, മമിത ബൈജു എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് മലയാള ചിത്രം നിർമിച്ചത്.
#Premalu #PremKeedanu #PremaluHindiRemake #Bollywood #MalayalamCinema #ApoorvSinghKarki #AparshaktiKhurana #BhavanaStudios #EntertainmentNews
