ദമ്മാം: സൗദി അറേബ്യയിൽ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ വൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉൾപ്പെടെ 22 പുതിയ വിഷയങ്ങൾ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽ ബുൻയാൻ അറിയിച്ചു.
പുതിയ അധ്യയന വർഷത്തിന് തുടക്കമാകാനിരിക്കെയാണ് ഈ പ്രധാന പ്രഖ്യാപനങ്ങൾ. എ.ഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട 50 പുതിയ മൊഡ്യൂളുകളാണ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനുപുറമെ, പ്രത്യേക കഴിവുകളുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമായി അയ്യായിരത്തോളം അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകിത്തുടങ്ങി. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ വിപുലീകരിക്കും.
വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അധ്യാപകരുടെയും സ്കൂൾ പ്രിൻസിപ്പൽമാരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ മന്ത്രാലയത്തിന് കീഴിൽ രണ്ട് പ്രത്യേക ഉപദേശക സമിതികൾ രൂപീകരിക്കും. പുതിയ അധ്യയന വർഷത്തിലേക്ക് ആവശ്യമായ 36 ലക്ഷം പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ “മൈ സ്കൂൾ” (My School) ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ 500-ലധികം ഇ-ബുക്കുകളും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സേവനങ്ങളെയും ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കുന്ന പുതിയ ഏകീകൃത ‘എഡ്യൂക്കേഷൻ പോർട്ടലിന്റെ’ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു.
#SaudiArabia #SaudiEducation #AIinEducation #DammamNews #SaudiNews #GulfNews #EducationMinistry #NewSyllabus
