മലപ്പുറം: നഴ്സിംഗ് പഠനത്തിന്റെ സർട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയ മലപ്പുറം താനൂർ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. താനൂർ സ്വദേശി ഇംതിയാസിനെയാണ് (25) കാണാതായത്. സംഭവത്തിൽ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവിൽ എത്തിയ ഉടൻ ഇംതിയാസ് വീട്ടുകാരെ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നു. എന്നാൽ ഇതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. നിലവിൽ യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
തുടർന്ന് ബന്ധുക്കൾ ഇംതിയാസ് പഠിച്ച ബെംഗളൂരുവിലെ കോളേജിൽ അന്വേഷിച്ചെങ്കിലും അവിടെയും എത്തിയിട്ടില്ലെന്നാണ് വിവരം ലഭിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും മകനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ താനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
അവസാനമായി ഫോൺ സന്ദേശം ലഭിച്ച ലൊക്കേഷൻ കേന്ദ്രീകരിച്ചും ബെംഗളൂരു പോലീസിന്റെ സഹായത്തോടെയുമാണ് താനൂർ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. യുവാവിനെ കണ്ടെത്താനായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
