കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,255 രൂപയായും പവന്‍ വില 1,06,040 രൂപയായും ഉയര്‍ന്നു.
പ്രാദേശിക വിപണിയില്‍ വില ഉയര്‍ന്നപ്പോഴും രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.6 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,076.53 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.4 ശതമാനം കുറഞ്ഞ് 4,074.20 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ മുന്നേറ്റമാണ് ആഗോളതലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്.
അതേസമയം, കഴിഞ്ഞ അഞ്ച് മാസത്തിന് ശേഷം ആദ്യമായി സ്വര്‍ണം പ്രതിമാസ നേട്ടത്തിലേക്ക് എത്തുന്ന പ്രവണതയാണ് നിലവിലുള്ളത്. ഉയര്‍ന്ന പണപ്പെരുപ്പം കണക്കിലെടുത്ത് വായ്പാ പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന യുഎസ് ഫെഡറല്‍ റിസര്‍വ്വിന്റെ തീരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില വര്‍ധിക്കാൻ കാരണമായിരുന്നു.
ഇന്ത്യൻ ഓഹരി വിപണികള്‍ ഇന്ന് നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചിക 0.13 ശതമാനവും ബോംബെ സൂചിക (സെൻസെക്സ്) 0.5 ശതമാനവും ഉയര്‍ന്നു. വിപണിയിലെ പ്രധാനപ്പെട്ട 16 സെക്ടറുകളിൽ 13 എണ്ണവും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
