വരാനിരിക്കുന്ന തന്റെ ഏഴ് ചിത്രങ്ങളുടെ സംവിധായകരുടെ പട്ടിക പങ്കുവെച്ച് നടൻ മോഹൻലാൽ. “ആവേശകരമായ കഥകൾ, യാത്രകൾ. അത്രയും പ്രത്യേകതയുള്ള സംവിധായകർ. എന്റെ വരാനിരിക്കുന്ന ഏഴ് ചിത്രങ്ങളുടെ ചില വിവരങ്ങൾ ഇതാ” എന്ന കുറിപ്പോടെയാണ് താരം സോഷ്യൽ മീഡിയയിലൂടെ പട്ടിക പുറത്തുവിട്ടത്.
വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരാണ് മോഹൻലാലിന്റെ അടുത്ത ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ വൻ സ്വീകരണമാണ് ആരാധകരിൽ നിന്നും ചലച്ചിത്ര ലോകത്തുനിന്നും ചിത്രങ്ങൾക്ക് ലഭിക്കുന്നത്.
അതേസമയം, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ പുരോഗമിക്കുകയാണ്. വൻ വിജയം നേടിയ ‘തുടരും’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ‘ലവ്ലജൻ’ എന്ന പൊലീസ് കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. മീര ജാസ്മിനാണ് നായിക. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്.
റതീഷ് രവിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. പമ്പയിലും നിലയ്ക്കലിലുമായി ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
#Mohanlal #MohanlalMovies #Athimanoharam #TarunMurthy #MeeraJasmine #MalayalamCinema #MovieNews #EntertainmentNews
