ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയം നേടി മുഖ്യമന്ത്രി പദവിയിലെത്തിയ വിജയ്യുടെ ദിനചര്യകളെയും പ്രവർത്തനരീതിയെയും കുറിച്ച് വെളിപ്പെടുത്തി പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രിയും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ ആദവ് അർജുന. ഒരു സിനിമാ താരത്തിൽ നിന്ന് മുഴുനീള ഭരണാധികാരിയിലേക്കുള്ള വിജയ്യുടെ മാറ്റം വലുതാണെന്നും, സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങൾക്കായി അദ്ദേഹം പ്രതിദിനം 18 മുതൽ 20 മണിക്കൂർ വരെയാണ് മാറ്റിവെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷങ്ങളിലല്ല, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ വേഗത്തിൽ പാലിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പുലർച്ചെ നാല് മണിക്ക് തന്നെ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും വിളിച്ച് ഓരോ വകുപ്പിലെയും പുരോഗതികൾ ആരായുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. സെക്രട്ടറിയേറ്റിൽ ഒരു ‘രാഷ്ട്രീയ സന്യാസി’യെ പോലെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും അധികാരത്തിന്റെ യാതൊരു അഹങ്കാരവുമില്ലെന്നും ആദവ് അർജുന കൂട്ടിച്ചേർത്തു.
ഭരണമേറ്റെടുത്ത് ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ തന്നെ അഴിമതിക്കും സാമ്പത്തിക ചോർച്ചകൾക്കുമെതിരെ ശക്തമായ നടപടികളാണ് വിജയ് സർക്കാർ സ്വീകരിച്ചത്. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി തുടച്ചുനീക്കാനും ഭരണരംഗത്ത് സുതാര്യത ഉറപ്പാക്കാനുമുള്ള കർശന നിർദ്ദേശങ്ങൾ മുകൾത്തട്ടിൽ നിന്ന് തന്നെ നടപ്പിലാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
#Vijay #TVK #TamilNaduPolitics #AadavArjuna #TamilNaduNews #ChennaiNews #SouthIndia #PoliticalNews
