ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ ചാറ്റ് ചെയ്യാനും ഗ്രൂപ്പുകളിൽ ചേരാനും സഹായിക്കുന്ന ‘യൂസർനെയിം’ ഫീച്ചറുമായി വാട്സ്ആപ്പ്. ആഗോളതലത്തിൽ മൂന്ന് ബില്യണിലധികം ആളുകൾ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിൽ പേരുകൾ തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ, തങ്ങൾക്കിഷ്ടമുള്ള യൂസർനെയിമുകൾ ഈ ആഴ്ച മുതൽ ഉപയോക്താക്കൾക്ക് മുൻകൂട്ടി റിസർവ് ചെയ്യാം. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഘട്ടംഘട്ടമായി ഈ ഫീച്ചർ എല്ലാവരിലേക്കും എത്തും.
യൂസർ നെയിമുകൾ ഉപയോഗിക്കുമ്പോൾ ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ സുരക്ഷിതമായിരിക്കും. വാട്സ്ആപ്പിൽ സെർച്ച് ചെയ്യാനോ മറ്റുള്ളവരുടെ യൂസർ നെയിമുകൾ ബ്രൗസ് ചെയ്യാനോ ഉള്ള സൗകര്യം ഉണ്ടായിരിക്കില്ല. നിങ്ങളെ ബന്ധപ്പെടണമെങ്കിൽ നിങ്ങളുടെ കൃത്യമായ യൂസർനെയിം മറ്റുള്ളവർ അറിഞ്ഞിരിക്കണം. കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു യൂസർനെയിം കീ ക്രിയേറ്റ് ചെയ്യാനും സാധിക്കും. ഇത് അറിയുന്നവർക്ക് മാത്രമേ നിങ്ങളുമായി ബന്ധപ്പെടാൻ കഴിയൂ.
പുതിയ ഫീച്ചർ വരുന്നതോടെ യൂസർനെയിം ഉപയോഗിച്ച് മെസേജ് അയക്കുമ്പോൾ ഫോൺ നമ്പർ കാണാൻ കഴിയില്ല. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നിലവിലുള്ള അതേ യൂസർനെയിം വാട്സാപ്പിലും ഉപയോഗിക്കാൻ ക്രിയേറ്റർമാർക്കും ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും അവസരമുണ്ടാകും. യൂസർനെയിം തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി പ്രത്യേക യൂസർനെയിം ജനറേറ്റർ സൗകര്യവും വാട്സ്ആപ്പ് ഒരുക്കുന്നുണ്ട്.
#whatsapp#newfeatures
