Image credit - Instagram
യാഷ് നായകനായെത്തിയ ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്സിക്’ തിയറ്ററുകളിലെത്തിയതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ നിശബ്ദ പ്രതികരണവുമായി സംവിധായകന് നിഥിന് രണ്‍ജി പണിക്കര്‍. 2016-ല്‍ പുറത്തിറങ്ങിയ തന്റെ ചിത്രം ‘കസബ’യിലെ നായക കഥാപാത്രമായ രാജന് സക്കറിയ നായികയുടെ കയ്യില്‍ ചുംബിക്കുന്ന രംഗത്തിന്റെ സ്ക്രീന്‍ഷോട്ടാണ് നിഥിന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.
മുമ്പ് ‘കസബ’യിലെ സ്ത്രീവിരുദ്ധതയെച്ചൊല്ലി വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയിലെ ഒരു ചര്‍ച്ചയ്ക്കിടെ നടി പാര്‍വതി തിരുവോത്ത് ‘കസബ’യെ വിമർശിച്ചപ്പോൾ, സിനിമയുടെ പേര് പറയാന്‍ മടിച്ച പാര്‍വതിയോട് “സേ ഇറ്റ്, സേ ഇറ്റ്” എന്ന് പ്രോത്സാഹിപ്പിച്ചത് ഗീതു മോഹന്‍ദാസായിരുന്നു. ഇത് പിന്നീട് വലിയ സൈബര്‍ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വഴിവെച്ചു.
എന്നാല്‍, അന്ന് ‘കസബ’യ്ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത പുതിയ ചിത്രത്തില്‍ സ്ത്രീശരീരത്തെ സമാനമായ രീതിയില്‍ ചിത്രീകരിക്കുന്നുവെന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് നിഥിന്റെ ഈ ഇൻസ്റ്റഗ്രാം സ്റ്റോറി. മുൻപും ‘ടോക്സിക്’ ടീസര്‍ പുറത്തുവന്ന സമയത്ത് ഗീതുവിനെതിരെ നിഥിന് രംഗത്തെത്തിയിരുന്നു. തൻ്റെ ചിത്രത്തെ വിമർശിച്ചവർ സൗകര്യപൂർവം നിലപാടുകൾ തിരുത്തുന്നുവെന്ന നിഥിൻ്റെ പരോക്ഷമായ ഓർമ്മപ്പെടുത്തലാണ് പുതിയ സ്റ്റോറിയെന്നാണ് ചലച്ചിത്ര ലോകത്തെ വർത്തമാനങ്ങൾ.
#ToxicMovie #GeethuMohandas #NithinRenjiPanicker #Kasaba #Yash #MalayalamCinemaNews #MovieControversy
