ഇന്ത്യൻ ടീമിലെ സ്ഥാനത്തെച്ചൊല്ലിയും സെലക്ഷൻ വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി മലയാളി താരം സഞ്ജു സാംസൺ. സ്വന്തം ടീം അംഗങ്ങളുമായി തനിക്ക് യാതൊരുവിധ മത്സരവുമില്ലെന്നും എതിർ ടീമിലെ കളിക്കാരോടാണ് താൻ മത്സരിക്കേണ്ടതെന്നും ദുബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ താരം തുറന്നടിച്ചു.
തന്റെ മുൻ പ്രസ്താവനകൾ ജനങ്ങൾ അവരുടെ താത്പര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുകയാണെന്ന് സഞ്ജു ചൂണ്ടിക്കാട്ടി. “ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. കഴിഞ്ഞ ദിവസങ്ങളിൽ അഭിമുഖത്തിൽ പറഞ്ഞതെല്ലാം തികച്ചും സാധാരണമായ കാര്യങ്ങൾ മാത്രമാണ്. കരിയറിലെ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. സോഷ്യൽ മീഡിയയിൽ വരുന്ന ചർച്ചകളും അഭിപ്രായങ്ങളും എന്നെ ബാധിക്കാറില്ല,” സഞ്ജു വ്യക്തമാക്കി.
‘മത്സരപ്പന്തയത്തിൽ പങ്കാളിയാകാനില്ല’
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഞ്ജു പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരുന്നു.
“നമ്മുടെ രാജ്യത്ത് ഒരിക്കലും അവസാനിക്കാത്ത ഒരു മത്സരപ്പന്തയമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ മത്സരത്തിന്റെ ഭാഗമാകേണ്ടെന്ന് 2026 ടി20 ലോകകപ്പിന് മുൻപ് തന്നെ ഞാൻ തീരുമാനിച്ചതാണ്. എനിക്ക് ക്രിക്കറ്റ് ആസ്വദിച്ചു കളിക്കാനാണ് താല്പര്യം. ദൈവാനുഗ്രഹത്താൽ ഒരുപാട് കാര്യങ്ങൾ നേടാനായി. ഇപ്പോൾ 31 വയസ്സായി, കാര്യങ്ങൾ സ്വന്തമായി തീരുമാനിക്കാൻ എനിക്കറിയാം,” എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകൾ.
തന്റെ കരിയറിൽ തിരിച്ചടികളോ ടീമിൽ നിന്നുള്ള ഒഴിവാക്കലുകളോ നേരിടേണ്ടി വരുമ്പോൾ മറ്റുള്ളവരുടെ വിമർശനങ്ങൾ ശ്രദ്ധിക്കാതെ സ്വന്തം കളി മെച്ചപ്പെടുത്തുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സഞ്ജു കൂട്ടിച്ചേർത്തു. ടീമിൽ ഏത് റോളുകൾ മാറിമറിഞ്ഞു വന്നാലും സമ്മർദ്ദമില്ലാതെ ശാന്തനായി കളിക്കളത്തിൽ ഇറങ്ങാനാണ് ശ്രമിക്കുന്നതെന്നും മലയാളി താരം വ്യക്തമാക്കി.
