കോഴിക്കോട്: രാമനാട്ടുകര മുട്ടിയറയിൽ ചാലിയാറിന്റെ കൈവഴിയിൽ വിഷം കലക്കി മീൻപിടിക്കാൻ ശ്രമം. വിഷപ്രയോഗത്തെ തുടർന്ന് പുഴയിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്ന് രാവിലെയാണ് മൂന്നംഗ സംഘം പുഴയിൽ വിഷം കലക്കി വലയെറിഞ്ഞ് മീൻപിടിക്കാൻ തുനിഞ്ഞത്. എന്നാൽ നാട്ടുകാർ സംഘടിച്ച് എത്തിയതോടെ പ്രതികൾ വലയും മറ്റ് ഉപകരണങ്ങളും ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ കുടിവെള്ള ആവശ്യത്തിനും അലക്കാനും കുളിക്കാനുമെല്ലാം പ്രധാനമായി ആശ്രയിക്കുന്ന ജലാശയത്തിലാണ് സാമൂഹിക വിരുദ്ധർ വിഷം കലക്കിയത്. പ്രതികൾ ഓടിരക്ഷപ്പെട്ടെങ്കിലും അവർ എത്തിയ ഓട്ടോറിക്ഷ സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ മീൻപിടിക്കാൻ ഉപയോഗിച്ച വിഷക്കുപ്പികളും പരിസരത്തുനിന്ന് നാട്ടുകാർ കണ്ടെടുത്തു.
സംഭവത്തിൽ നാട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട ഓട്ടോറിക്ഷ കേന്ദ്രീകരിച്ചും വിഷക്കുപ്പികൾ പരിശോധിച്ചും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. കുടിവെള്ള സ്രോതസ്സ് മലിനമാക്കുകയും പരിസ്ഥിതിക്ക് കടുത്ത ആഘാതമുണ്ടാക്കുകയും ചെയ്ത പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
