കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി. അപ്പീലിൽ അന്തിമ തീരുമാനം വരുന്നതുവരെ വിചാരണ കോടതി വിധിച്ച ശിക്ഷ തടയണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. കേസിന്റെ ഗൗരവത്തിനൊപ്പം ഇരയായ നടിയുടെ അന്തസ്സും കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ പൾസർ സുനിയെ വിചാരണ കോടതി 20 വർഷം തടവിനാണ് ശിക്ഷിച്ചിരുന്നത്. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുനി നൽകിയ പ്രധാന അപ്പീൽ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
പ്രതിഭാഗത്തിന്റെ ആവശ്യത്തെ ഇരയായ നടിയും പ്രോസിക്യൂഷനും കോടതിയിൽ ശക്തമായി എതിർത്തു. കേസിൽ നടന്നത് അതീവ ക്രൂരവും ഹീനവുമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയതാണെന്നും നടി കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ശിക്ഷ മരവിപ്പിച്ചാൽ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നതിന് തുല്യമാകുമെന്നും നടി വാദിച്ചു. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലും നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്.
ഒന്നാം പ്രതിയായ പൾസർ സുനി ഒരു കൊടും ക്രിമിനലാണെന്നും യാതൊരു കാരണവശാലും ശിക്ഷ മരവിപ്പിക്കരുതെന്നും പ്രോസിക്യൂഷനും സർക്കാരും കോടതിയിൽ ആവശ്യപ്പെട്ടു. തുടർച്ചയായി ജാമ്യാപേക്ഷ നൽകി കോടതി സമയം നഷ്ടപ്പെടുത്തിയതിന് മുൻപ് പ്രതിക്ക് കോടതി പിഴ ചുമത്തിയിട്ടുള്ള കാര്യവും സർക്കാർ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ജാമ്യം നൽകി പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് പ്രതി വീണ്ടും മറ്റൊരു ക്രിമിനൽ കേസിൽ പ്രതിയായെന്നും, ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണെന്നും സർക്കാർ ബോധിപ്പിച്ചു. ഇരുവിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് പ്രതിയുടെ ഹർജി ഹൈക്കോടതി തള്ളിയത്.
