തിരുവനന്തപുരം: ഡൽഹിയിൽ സി.ജെ.പി (Cockroach Janta Party) പ്രക്ഷോഭത്തിന് നേരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ. പ്രക്ഷോഭകർക്ക് നേരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് എസ്.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
വെള്ളിയാഴ്ച സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കോളേജുകളിലും പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. പോലീസിന്റെ ജനാധിപത്യവിരുദ്ധമായ പെരുമാറ്റത്തിനെതിരെ വേറിട്ട പ്രതിഷേധവും സംഘടന മുന്നോട്ടുവെക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്ക് ‘മെലഡി മിഠായി’ നൽകിക്കൊണ്ടായിരിക്കും നേതാക്കളും പ്രവർത്തകരും ഈ ഘട്ടത്തിൽ പ്രതിഷേധം രേഖപ്പെടുത്തുക.
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ന്യായമായ ആവശ്യങ്ങൾക്കായി നടന്ന സമരത്തെ ശക്തിയുപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ച ഭരണകൂട നിലപാടിൽ ശക്തമായ അമർഷമാണ് ഉയർന്നുവരുന്നത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.
