തിയേറ്ററുകളിൽ വലിയ ചിരിയുണർത്തി വിജയം തുടരുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ ‘സോൾ മേറ്റ്സ് ഒരു സാത്തുകുടി പ്രണയം’ എന്ന ഷോർട്ട് ഫിലിം പുറത്തിറങ്ങി. ഭാവന സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് അണിയറപ്രവർത്തകർ ഈ ഹ്രസ്വചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.
ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിൻ എന്ന കഥാപാത്രത്തിന്റെ സഹോദരനും ഷോർട്ട് ഫിലിം ഡയറക്ടറുമായ ജോയൽ ഡേവിസ് (സംഗീത് പ്രതാപ്) നിർമ്മിക്കുന്നതായി കാണിക്കുന്ന ഷോർട്ട് ഫിലിമാണിത്. സിനിമയ്ക്കായി മാത്രം ചിട്ടപ്പെടുത്തിയതാണെങ്കിലും തിയേറ്ററുകളിൽ വലിയ കൈയ്യടി നേടിയതോടെയാണ് ഇത് പ്രത്യേകമായി പുറത്തുവിട്ടത്.
സംവിധായകൻ ഗിരീഷ് എ.ഡി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷോർട്ട് ഫിലിം പുറത്തിറങ്ങിയ വിവരം പങ്കുവെച്ചിട്ടുണ്ട്. ‘ചെറായി ബീച്ചിലെ സായാഹ്നങ്ങളേക്കാൾ മനോഹരം നിന്നോടൊപ്പമുള്ള കടുംകാപ്പി’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് പോസ്റ്റ്. സിനിമയിലെ കഥാപാത്രങ്ങളായ ജസ്റ്റിൻ ചേട്ടൻ നിർമ്മാണവും ജോയൽ ഡേവിസ് സംവിധാനവും നിർവ്വഹിച്ചതായാണ് പോസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
നന്ദൻ വെങ്കിടാങ്ങ്, സായൂജ്യ, അഭിജിത്ത്, ജസ്റ്റിൻ, ആകാശ് ജോസഫ്, ഗ്ലിക്സൺ, ഷെൽവിൻ, റിയ, ജോയൽ എന്നിവരാണ് ഇതിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. രോഹിത് മോറെലി ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന് ആൽബിൻ അങ്കമാലിയാണ് സംഗീതം നൽകിയിരിക്കുന്നത്.
#BethlehemKudumbaUnit #NivinPauly #SangeethPratap #GirishAD #BhavanaStudios #SoulMates #ShortFilm #MalayalamCinema
