കാസർകോട്: ജില്ലയിലെ പടന്ന കടപ്പുറത്ത് വൻ മത്തിച്ചാകര. കടൽത്തീരമാകെ വെള്ളിത്തിളക്കത്തോടെ മത്തി വന്ന് നിറഞ്ഞതോടെ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും വലിയ ആവേശത്തിലാണ്. തീരം നിറഞ്ഞ അവസ്ഥ കണ്ടതോടെ നാട്ടുകാർ കൂട്ടത്തോടെ കടപ്പുറത്തേക്ക് ഓടിയെത്തുകയും, വലിയ പെട്ടികളിലും ചാക്കുകളിലുമായി മത്തി വാരിനിറച്ച് കൊണ്ടുപോവുകയുമായിരുന്നു.
തീരത്തോട് ചേർന്ന് കടലിൽ മത്തി കൂട്ടത്തോടെയാണ് അടിഞ്ഞത്. ഓരോ തിരമാലകൾ അടിച്ചു കയറുമ്പോഴും വലിയ നെയ്മത്തികളുടെ കൂട്ടമാണ് കരയിലേക്ക് വന്നടിഞ്ഞത്. ചാകര വന്ന വിവരം കാട്ടുതീ പോലെ പടർന്നതോടെ പടന്ന കടപ്പുറത്തേക്ക് ജനങ്ങളുടെ വൻ പ്രവാഹമാണ് ഉണ്ടായത്. കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് ആളുകളാണ് മത്തി പെറുക്കാനായി എത്തിയത്.
പടന്ന കടപ്പുറത്തെ ഈ അപൂർവ്വമായ വൻ മത്തിച്ചാകരയുടെയും നാട്ടുകാർ മത്സ്യം വാരിയെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിലവിൽ തീരത്തടിഞ്ഞ മത്തി മുഴുവൻ ആളുകൾ പെറുക്കിയെടുത്ത് കഴിഞ്ഞെങ്കിലും, വരും ദിവസങ്ങളിലും ഇനിയും ചാകര എത്തുമെന്ന വലിയ പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
