തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബദലി ജീവനക്കാരുടെ 2026 ജൂൺ മാസത്തെ ശമ്പളം പൂർണമായും വിതരണം ചെയ്തു. 6264 പേരടങ്ങുന്ന മുഴുവൻ ബദലി ജീവനക്കാർക്കുമായി 11.94 കോടി രൂപയാണ് വിതരണം ചെയ്തതെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു.
അതേസമയം, കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ ആദ്യഘട്ട വിലയിരുത്തലിൽ കോർപ്പറേഷന് മികച്ച നേട്ടമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പ്രതികരിച്ചു.
പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ 3.81 കോടി സൗജന്യ യാത്രകൾ നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നിലവിൽ കെഎസ്ആർടിസി ബസുകളിലെ ആകെ യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണ്. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ETM) അടിസ്ഥാനമാക്കിയുള്ള ആധികാരിക യാത്രാ വിവരങ്ങളാണ് ഈ വിശകലനത്തിനായി ഉപയോഗിച്ചതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതി വൻ വിജയമായതോടെ സാധാരണക്കാരായ യാത്രക്കാർക്കിടയിൽ കെഎസ്ആർടിസിക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
