‘അമ്മ’യിലെ കൂട്ടരാജി: നിർണായക വെളിപ്പെടുത്തലുകളുമായി ശ്വേത മേനോൻ
തന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് ശ്വേത മേനോൻ പങ്കുവെച്ച കുറിപ്പിലെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:
യാതൊരു അടിസ്ഥാനവുമില്ലാത്ത കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തി അധിക്ഷേപങ്ങളുമാണ് താൻ തുടർച്ചയായി നേരിട്ടതെന്ന് ശ്വേത പറയുന്നു. ഈ രാജി തന്റെ ബലഹീനതയല്ല, മറിച്ച് സ്വന്തമായി നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിലും, ആത്മാഭിമാനം സംരക്ഷിക്കുന്നതിനും വേണ്ടിയെടുത്ത തീരുമാനമാണെന്നും താരം വ്യക്തമാക്കി.
മുൻ കമ്മിറ്റി അംഗങ്ങളിൽ ചിലർ വരുത്തിവെച്ച വീഴ്ചകളും തെറ്റായ കാര്യങ്ങളും അന്വേഷിക്കുന്നത് തടയാൻ ചില നിക്ഷിപ്ത താല്പര്യക്കാർ ശ്രമിച്ചിരുന്നതായി ശ്വേത ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ, പൂർണ്ണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടേത് ഉൾപ്പെടെ കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ സമഗ്രമായ ഒരു ഫോറൻസിക് ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് ശ്വേത മേനോൻ ആവശ്യപ്പെട്ടു.
അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി തുടങ്ങിയവരെ മുന്നിൽ നിർത്തി തനിക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങൾ നടന്നിരുന്നു. ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയോടെയാണ് താൻ വിജയിച്ചത്. എന്നാൽ, രാജിക്ക് ശേഷവും പുതിയ ചില ആളുകളെ ഇറക്കി തനിക്കെതിരെയുള്ള വ്യക്തിഹത്യാ ശ്രമങ്ങൾ തുടരുകയാണെന്ന് താരം കുറിപ്പിൽ പറയുന്നു.
“ഞാൻ സംഘിയുമല്ല കമ്മിയുമല്ല”bതന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും ശ്വേത മറുപടി നൽകി.”ഞാൻ സംഘിയുമല്ല കമ്മിയുമല്ല. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെയും എൽഡിഎഫ് നയിച്ച മുൻ സംസ്ഥാന സർക്കാരിന്റെയും ക്ഷണങ്ങൾ ഉണ്ടായിട്ടും ഞാൻ അവരുടെ ഒരു പരിപാടിക്കും പോയിട്ടില്ല. മറ്റുള്ളവർ ഇത്തരം ക്ഷണങ്ങൾക്ക് പിന്നാലെ പോയപ്പോഴും, അമ്മയുടെ പ്രസിഡന്റ് ആകുന്നതിന് മുൻപും ശേഷവും ഞാൻ ഈ നിലപാടിൽ തന്നെയായിരുന്നു.”
വ്യാജ കഥാപാത്രങ്ങളെ സൃഷ്ടിച്ച് തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും കുപ്രചരണങ്ങളെയും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനാണ് ഈ വിശദീകരണമെന്ന് പറഞ്ഞാണ് ശ്വേത മേനോൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
#AMMA #AMMAIssue #malayalamCinema #mollywood #swethamenon
