ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ വൈകീട്ട് അഞ്ച് മണിക്കാണ് അവാർഡ് പ്രഖ്യാപനം നടക്കുക. പ്രശസ്ത മലയാളി സംവിധായകൻ ജയരാജ് ചെയർമാനായ ജൂറിയാണ് ഇത്തവണത്തെ അവാർഡുകൾ നിശ്ചയിക്കുന്നത്. 2024-ൽ സെൻസറിങ്ങ് പൂർത്തിയാക്കിയ ചിത്രങ്ങളാണ് പുരസ്‌കാരങ്ങൾക്കായി പ്രധാനമായും മാറ്റുരയ്ക്കുന്നത്.
മലയാള സിനിമാ ലോകം വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ പുരസ്കാര പ്രഖ്യാപനത്തെ ഉറ്റുനോക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന വില്ലൻ കലർന്ന കഥാപാത്രത്തിലൂടെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വീണ്ടുമൊരു ദേശീയ പുരസ്കാരം കേരളത്തിലേക്ക് എത്തിക്കുമോ എന്നാണ് ആരാധകരും ചലച്ചിത്ര ലോകവും കാത്തിരിക്കുന്നത്.
നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1989), പൊന്തന്മാട, വിധേയൻ (1993), ഡോ. ബാബാസാഹേബ് അംബേദ്ക്കർ (1998) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്. ഭ്രമയുഗത്തിലൂടെ താരം നാലാമത്തെ നാഷണൽ അവാർഡ് നേടുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച.
മമ്മൂട്ടി ചിത്രത്തിന് പുറമെ, ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച ചിദംബരത്തിന്റെ ‘മഞ്ഞുമ്മൽ ബോയ്സ്’, ആസിഫ് അലി – വിജയരാഘവൻ എന്നിവരുടെ ഗംഭീര പ്രകടനത്തിലൂടെ വലിയ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ദിൻജിത്ത് അയ്യത്താന്റെ ‘കിഷ്കിന്ധാ കാണ്ഡം’ എന്നീ ചിത്രങ്ങളും വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങൾക്കായി ശക്തമായ മത്സരരംഗത്തുണ്ട്. കഴിഞ്ഞ വർഷത്തെ മലയാള സിനിമയുടെ സുവർണ്ണ നേട്ടങ്ങൾ ദേശീയ തലത്തിലും അംഗീകരിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിനിമാ പ്രേമികൾ.
