യുഎഇയിൽ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില വൻതോതിൽ വർധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉൾനാടൻ പ്രദേശങ്ങളിൽ ചൂട് 46°C വരെ ഉയർന്നേക്കുമെന്നാണ് പ്രവചനം. കടുത്ത ചൂടിനൊപ്പം ശക്തമായ കാറ്റും പൊടിക്കാറ്റും, തീരദേശങ്ങളിൽ ഉയർന്ന അന്തരീക്ഷ ഈർപ്പവും നിലനിൽക്കും.
വെള്ളിയാഴ്ച മുതൽ രാജ്യത്ത് ചൂട് വീണ്ടും ശക്തമാകും. ഇന്ന് ആകാശം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. വടക്കൻ, കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യതയുണ്ട്. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിച്ചേക്കാം. നാളെ മുതൽ കിഴക്കൻ തീരങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടാനും, പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് കാരണം കനത്ത പൊടിക്കാറ്റ് ഉയരാനും സാധ്യതയുണ്ട്.
ഞായറാഴ്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയായി ഉയർന്നേക്കാം. ഇത് കൂടുതൽ പൊടിക്കാറ്റിന് കാരണമാകും. ഈ സമയത്ത് അറേബ്യൻ ഗൾഫിൽ കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെങ്കിലും ഒമാൻ കടൽ ശാന്തമായി തുടരും.
