ടെലിവിഷൻ സ്ക്രീനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ജനശ്രദ്ധ നേടിയ ജനപ്രിയ ദമ്പതികളായ യദുവും ജ്യോതികയും വിവാഹിതരായി. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയങ്കരരായത്. വിവാഹചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
പ്ലസ്ടു പഠനകാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടേതും. പ്രണയത്തിനിടയിൽ യദുവിന് നേരിടേണ്ടി വന്ന ദാരുണമായ ഒരു ബസ് അപകടമാണ് ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചത്. അപകടത്തിൽ നെഞ്ചിന് താഴേക്ക് തളർന്നുപോയ യദുവിനെ ചേർത്തുപിടിക്കാൻ ജ്യോതിക കാണിച്ച മനസ്സും ഉറച്ച പ്രണയവുമാണ് ഇരുവരെയും ജനപ്രിയരാക്കിയത്. തുടക്കത്തിൽ എതിർപ്പുകളുണ്ടായിരുന്നെങ്കിലും ജ്യോതികയുടെ കപടമില്ലാത്ത സ്നേഹം തിരിച്ചറിഞ്ഞ് ഇരു കുടുംബങ്ങളും ഒടുവിൽ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു.
യൂട്യൂബ് വ്ലോഗുകളിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുള്ള ഇരുവരുടെയും വിവാഹ ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. നിരവധിയാളുകളാണ് പ്രിയ ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.
