ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് ‘കാട്ടാളൻ’. ആൻ്റണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിൽ ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഷരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. പെരുന്നാള്‍ റിലീസായി നാളെ (മെയ് 28) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്താനിരിക്കുന്ന സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സിനിമ കാണാൻ തിയേറ്ററുകളിൽ എത്തുന്ന പ്രേക്ഷകർക്കായി ‘പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്’ എന്ന പേരിൽ ഒരു പ്രധാന മുന്നറിയിപ്പാണ് അണിയറപ്രവർത്തകർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സിനിമ അവസാനിച്ച ഉടൻ തന്നെ പ്രേക്ഷകർ ആരും തിയേറ്റർ വിട്ടുപോകരുത് എന്നാണ് പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രത്തിന് ഒടുവിൽ സർപ്രൈസുകൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്.
‘കാട്ടാളൻ’ സിനിമയിൽ മൂന്ന് പോസ്റ്റ് ക്രെഡിറ്റ് സീനുകൾ (Post-credit scenes) ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പുതിയ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നത്. ഇതിൽ രണ്ട് പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ ടൈറ്റിൽ കാർഡ് കാണിക്കുന്ന സമയത്തും, മൂന്നാമത്തെ സീൻ എൻഡ് ക്രെഡിറ്റ്സ് പൂർണ്ണമായി അവസാനിച്ചതിന് ശേഷവുമാണ് വരുന്നത്. “അവസാന നിമിഷം വരെ കാത്തിരിക്കൂ, കാരണം വേട്ട ഇവിടെ അവസാനിക്കുന്നില്ല” എന്ന വാക്കുകളോടെയാണ് അണിയറപ്രവർത്തകർ ഈ സർപ്രൈസ് വിവരം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
