മലയാളികൾക്ക് അടക്കം ഏറെ പ്രിയങ്കരിയായ നടി സാമന്ത റൂത്ത് പ്രഭു സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേളയെടുക്കുന്നു. താൻ ഗർഭിണിയാണെന്നും പ്രസവാവധി ആവശ്യമായതിനാലാണ് സിനിമയിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുന്നതെന്നും താരം വ്യക്തമാക്കിയതോടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമായിരിക്കുന്നത്.
രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ സാമന്തയുടെ പുതിയ ചിത്രം ‘മാ ഇൻടി ബംഗാര’ത്തിന്റെ വിജയാഘോഷത്തിനിടെയാണ് താരം ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. “എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത്, ‘മാ ഇൻടി ബംഗാര’ത്തിന് ശേഷം എനിക്ക് ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. ഇത് പ്രസവാവധിയാണ്, അതിൽ ഞാൻ ഏറെ സന്തോഷവതിയാണ്. ചെറിയൊരു ഗ്യാപ്പിന് ശേഷം മറ്റൊരു ചിത്രവുമായി ഞാൻ എന്റെ ആരാധകർക്ക് മുന്നിലേക്ക് തിരിച്ചെത്തും,” സാമന്ത പറഞ്ഞു.
മികച്ച അഭിപ്രായങ്ങളോടെയും ബോക്സ് ഓഫീസ് കളക്ഷനോടെയും മുന്നേറുന്ന ‘മാ ഇൻടി ബംഗാരം’ സംവിധാനം ചെയ്തിരിക്കുന്നത് നന്ദിനി റെഡ്ഡിയാണ്. സാമന്തയുടെ ഭർത്താവും പ്രമുഖ സംവിധായകനുമായ രാജ് നിഡിമോരുവിന്റേതാണ് ചിത്രത്തിന്റെ കഥ. കഴിഞ്ഞവർഷം ഡിസംബർ ഒന്നിനായിരുന്നു സാമന്തയുടെയും രാജ് നിഡിമോരുവിന്റെയും വിവാഹം. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
#samantha#actress#pregnancy#maternity
