തിരുവനന്തപുരം: അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനോ പൂർണ്ണമായി ഒഴിവാക്കാനോ ഒരുങ്ങി വനിതാ-ശിശുവികസന വകുപ്പ്. നിലവിൽ അമൃതം പൊടിയിൽ അടങ്ങിയിരിക്കുന്ന 20 ശതമാനം പഞ്ചസാര കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. പോഷകാഹാര കിറ്റുകളിൽ നിന്ന് പഞ്ചസാര ഒഴിവാക്കാൻ വകുപ്പ് നിർദേശം നൽകിയതായും ഇതിന്റെ അടിസ്ഥാനത്തിൽ പോഷകാഹാര വിതരണത്തിൽ മാറ്റമുണ്ടാകുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
നിലവിൽ 45% ഗോതമ്പ്, 15% പൊരിക്കടല, 10% കപ്പലണ്ടി, 10% സോയചങ്ക്സ് എന്നിവയ്ക്കൊപ്പം 20% പഞ്ചസാരയും ചേർത്താണ് അമൃതം പൊടി തയ്യാറാക്കുന്നത്. ആറു മാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ദിവസം 135 ഗ്രാം അമൃതം പൊടിയാണ് ശുപാർശ ചെയ്യുന്നത്. എന്നാൽ, ഇത് കഴിക്കുന്നതിലൂടെ ഒരു കുട്ടിയുടെ ഉള്ളിൽ പ്രതിദിനം 27 ഗ്രാം പഞ്ചസാര എത്തുന്നുണ്ട്.
ആറുമാസം മാത്രം പ്രായമുള്ള കുട്ടികൾക്ക് ഇത്രയധികം പഞ്ചസാര നൽകുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്നാണ് കണ്ടെത്തൽ. കുട്ടിക്കാലത്തെ അമിത പഞ്ചസാര ഉപയോഗം വളരുമ്പോൾ ഐസ്ക്രീം ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളോട് അമിത ആസക്തിയുണ്ടാക്കാൻ കാരണമാകും. അതിനാൽ പഞ്ചസാരയ്ക്ക് പകരം ശർക്കരയോ കരുപ്പെട്ടിയോ ഉപയോഗിക്കാനാണ് ഉദ്യോഗസ്ഥരുടെ നിർദേശം. കുടുംബശ്രീ വഴി ഉത്പാദിപ്പിക്കുന്ന അമൃതം പൊടിയുടെ നിർമ്മാണച്ചെലവിന്റെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.
അമൃതം പൊടി ഇനി വീട്ടിലും തയാറാക്കാം
അങ്കണവാടികളിൽ നിന്ന് ചെറിയ കുട്ടികൾക്ക് മാത്രമാണ് അമൃതം പൊടി ലഭിക്കുക. എന്നാൽ മുതിർന്ന കുട്ടികൾക്കും ഇത് നൽകാൻ താഴെ പറയുന്ന രീതിയിൽ വീട്ടിൽ തന്നെ ഈ ഹെൽത്തി മിക്സ് തയ്യാറാക്കാവുന്നതാണ്:
ആവശ്യമായ ചേരുവകൾ:
-
ഗോതമ്പ് – 225 ഗ്രാം
-
കടലപ്പരിപ്പ് – 75 ഗ്രാം
-
കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം
-
സോയ ചങ്ക്സ് – 50 ഗ്രാം
-
ശർക്കര അല്ലെങ്കിൽ കരുപ്പെട്ടി (ആവശ്യത്തിന്)
തയാറാക്കുന്ന വിധം:
ഓരോ ചേരുവകളും തനിയെ നന്നായി വറുത്തെടുക്കുക. സോയ ചങ്ക്സ് ചെറുതായി ഒന്ന് പൊടിച്ച ശേഷം വറുത്തെടുക്കാൻ ശ്രദ്ധിക്കുക. വറുത്ത ചേരുവകളെല്ലാം നന്നായി പൊടിച്ചെടുത്ത് ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.
ഏഴ് മാസം മുതൽ പ്രായമുള്ള കുട്ടികൾക്ക് ഇത് കുറുക്കി നൽകാം. മുതിർന്ന കുട്ടികൾക്കായി വീട്ടിൽ തയ്യാറാക്കുന്ന മറ്റ് പലഹാരങ്ങളിലും ഒന്നോ രണ്ടോ ടീസ്പൂൺ ഈ പൊടി ചേർത്ത് നൽകാവുന്നതാണ്.
