തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ചൂണ്ടൽ സ്വദേശിയായ 52-കാരൻ നൗഷാദിനെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. ചൂണ്ടലിലെ ഇയാളുടെ വീട്ടിൽ വെച്ച് നടത്തിയിരുന്ന ട്യൂഷൻ സെന്ററിൽ വെച്ചാണ് പീഡനം നടന്നത്.
നൗഷാദിന്റെ ക്രൂരതയ്ക്കിരയായ മൂന്ന് പെൺകുട്ടികളാണ് ഇയാൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് അധ്യാപകന്റെ പീഡനവിവരം പുറത്തറിയുന്നത്.
ട്യൂഷൻ ക്ലാസ് എടുക്കുന്നതിനിടെ പ്രതി കുട്ടികളുടെ ശരീരഭാഗങ്ങളിൽ കടന്നുപിടിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് കുട്ടികൾ വീട്ടുകാരോട് വെളിപ്പെടുത്തി. തുടർന്ന് രക്ഷിതാക്കൾ കുട്ടികളുമായി സ്റ്റേഷനിലെത്തി കുന്ദംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് കുട്ടികളെയും ഇയാൾ ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് കുന്നംകുളം പോലീസ് അറിയിച്ചു.
