പാറശാല: പാറശാല പരശുവയ്ക്കലിൽ ദേശീയപാതയോരത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷണം പോയി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പരശുവയ്ക്കൽ സ്വദേശി അനിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് മൂന്നംഗ സംഘം കവർന്നത്.
സ്വന്തം വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ ദേശീയപാതയ്ക്ക് സമീപത്തെ ഒരു വീടിന്റെ വളപ്പിലാണ് അനി പതിവായി ഓട്ടോറിക്ഷ പാർക്ക് ചെയ്തിരുന്നത്. ഇന്നലെയും പതിവുപോലെ ഓട്ടം കഴിഞ്ഞ് വാഹനം ഇവിടെ പാർക്ക് ചെയ്താണ് അനി വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഇന്ന് രാവിലെ വാഹനം എടുക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ സി.സി.ടി.വി കാമറകളിൽ നിന്ന് മോഷണത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു. മൂന്ന് യുവാക്കൾ ചേർന്ന് ഓട്ടോറിക്ഷ തള്ളി മാറ്റിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇതര സംസ്ഥാനക്കാരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം അനി പാറശാല പോലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളായ രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന അനിയുടെ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു ഈ ഓട്ടോറിക്ഷ. വാഹനം നഷ്ടപ്പെട്ടതോടെ ഈ കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
