ആലപ്പുഴ: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 10) അവധി പ്രഖ്യാപിച്ചു. ഇതുകൂടാതെ, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കുട്ടനാട് താലൂക്കിൽ അവധി ബാധകമാകുന്നത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവ്വകലാശാലാ പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് കുട്ടനാടൻ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്.
