മൈസൂരു: ജോലിസ്ഥലത്തെ കടുത്ത മാനസിക പീഡനത്തെത്തുടർന്ന് മൈസൂരുവിൽ യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കി. മൈസൂരിലെ ഹിനക്കലിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയിൽ ഉൽപ്പന്നങ്ങളുടെ ടാറ്റാ പ്രൊമോട്ടറായി ജോലി ചെയ്തിരുന്ന നാഗേശ്വരിയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹത്തിനരികെ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ജോലിസ്ഥലത്തെ വനിതാ സൂപ്പർവൈസറിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ നാല് മാസത്തിനിടയിൽ ഒരു വീക്ക് ഓഫ് പോലും നാഗേശ്വരിക്ക് കമ്പനി നൽകിയിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ എമർജൻസി അവധികൾ ചോദിച്ചപ്പോൾ പോലും സൂപ്പർവൈസർ അത് നിഷേധിക്കുകയായിരുന്നു. പിഎസ്സി വഴിയാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്.
അവധി നൽകാത്തതും ചെറിയ കാര്യങ്ങൾക്ക് പോലും നിരന്തരം വേട്ടയാടിയതും ചോദ്യം ചെയ്തപ്പോൾ കമ്പനി നാഗേശ്വരിയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ജോലിസ്ഥലത്തെ പീഡനം സഹിക്ക വയ്യാതെയാണ് താൻ ഈ അറ്റകൈ പ്രയോഗിക്കുന്നതെന്നും, തന്റെ മരണത്തിന് ശേഷം നീതി ലഭിക്കണമെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ എഴുതിവെച്ചിട്ടുണ്ട്. നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്ന സൂപ്പർവൈസറുടെ പേരും ഈ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിജയനഗർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056
