ദുബായ്: വാണിജ്യ സ്ഥാപനങ്ങളിൽ പശ്ചാത്തല സംഗീതം (Background Music) പ്ലേ ചെയ്യുന്നതിന് ലൈസൻസും ഫീസും ഏർപ്പെടുത്താനൊരുങ്ങി യു.എ.ഇ. കഫേകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ ഇടങ്ങളിൽ ഇനി മുതൽ പാട്ട് കേൾപ്പിക്കണമെങ്കിൽ അധികൃതരിൽ നിന്ന് ലൈസൻസ് എടുത്ത് നിശ്ചിത ഫീസ് അടയ്ക്കണം. സംഗീതത്തിന്റെയും പാട്ടുകളുടെയും പകർപ്പവകാശം (Copyright) സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിന്റെ ഈ നിർണ്ണായക നീക്കം.
വരുന്ന ഡിസംബർ 1 മുതൽ പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരും. ഓരോ വർഷവും പുതുക്കേണ്ട ലൈസൻസുകളാണ് സ്ഥാപനങ്ങൾക്ക് നൽകുക.
എവിടെയൊക്കെ ഫീസ് ബാധകമായിരിക്കും?
-
വാണിജ്യ സ്ഥാപനങ്ങൾ: റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, ജിമ്മുകൾ.
-
മറ്റ് മേഖലകൾ: എയർലൈനുകൾ, റേഡിയോ-ടി.വി ചാനലുകൾ, സംഗീത പരിപാടികൾ (Live Concerts) തുടങ്ങിയവയെല്ലാം പുതിയ ഫീസ് സമ്പ്രദായത്തിന്റെ പരിധിയിൽ വരും.
ഫീസ് നിർണ്ണയിക്കുന്നത് എങ്ങനെ?
സ്ഥാപനങ്ങളുടെ വലിപ്പവും സംഗീതം ഉപയോഗിക്കുന്ന രീതിയും അടിസ്ഥാനമാക്കി ‘സ്ലൈഡിംഗ് സ്കെയിൽ’ (Sliding Scale) രീതിയിലായിരിക്കും ഫീസ് ഈടാക്കുക. ‘എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ’, ‘മ്യൂസിക് നേഷൻ’ എന്നീ അംഗീകൃത സംഘടനകൾക്കാണ് ലൈസൻസ് ഫീസ് പിരിച്ചെടുക്കുന്നതിനും അത് പകർപ്പവകാശ ഉടമകൾക്ക് (Artistes & Creators) വിതരണം ചെയ്യുന്നതിനുമുള്ള ചുമതല.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയ ദിനാഘോഷങ്ങൾ, ലാഭേച്ഛയില്ലാത്ത വ്യക്തിഗത ആഘോഷങ്ങൾ എന്നിവയെ പുതിയ ഫീസിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
പിരിച്ചെടുക്കുന്ന തുകയുടെ 10 ശതമാനം സംഗീത മേഖലയിലെ വളർന്നുവരുന്ന പ്രതിഭകളെയും പ്രാദേശിക കലാകാരന്മാരെയും സഹായിക്കാനായി രൂപീകരിച്ച ‘കൾച്ചറൽ സപ്പോർട്ട് ഫണ്ടിലേക്ക്’ മാറ്റും. പകർപ്പവകാശ ലംഘനങ്ങൾ തടയാനും കലാകാരന്മാർക്ക് അർഹമായ പ്രതിഫലം ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
