ദമ്മാം: സൗദി അറേബ്യയിലെ ഖത്തീഫിൽ റൂമിൽ വെച്ചുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മലയാളിക്ക് കുത്തേറ്റു. കൊല്ലം സ്വദേശിക്കാണ് കുത്തേറ്റത്. സംഭവത്തിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശിയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും സഹോദരങ്ങളായ സ്പോൺസർമാരുടെ ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്തു വരികയായിരുന്നു.
വർഷങ്ങളായി ഒരുമിച്ച് ഒരു റൂമിൽ താമസിച്ചു വരികയായിരുന്ന ഇരുവരും തമ്മിൽ റൂമിൽ വെച്ച് തർക്കമുണ്ടാവുകയും അത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ബഹളം കേട്ടെത്തിയ സ്പോൺസറാണ് പരിക്കേറ്റയാളെ ആശുപത്രിയിലാക്കാനും കുറ്റക്കാരനെ പൊലീസിന് കൈമാറാനും മുൻകൈ എടുത്തത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. കസ്റ്റഡിയിലുള്ള മൂവാറ്റുപുഴ സ്വദേശി പിതാവിന്റെ മരണത്തെ തുടർന്ന് രണ്ടാഴ്ച മുൻപാണ് നാട്ടിൽ പോയി തിരിച്ചെത്തിയത്.
Saudi Arabia News Dammam News Qatif Incident Malayali Stabbing Saudi Expat News Kerala Kollam Native Injured Muvattupuzha Native Arrested Gulf News Malayalam
