അബുദാബി: ചർമ്മത്തിലെ വെള്ളപ്പാണ്ട് രോഗാവസ്ഥയായ ‘നോൺ-സെഗ്മെന്റൽ വിറ്റിലിഗോ’ (Non-Segmental Vitiligo) ചികിത്സയ്ക്കായി വായിലൂടെ കഴിക്കാവുന്ന ഓറൽ മരുന്നിന് ലോകത്താദ്യമായി അംഗീകാരം നൽകി യുഎഇ. 12 വയസ്സും അതിനു മുകളിലും പ്രായമുള്ള രോഗികൾക്ക് അനുഗ്രഹമാകുന്ന ഈ ചികിത്സാ രീതിക്ക് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റാണ് (EDE) പച്ചക്കൊടി കാട്ടിയത്.
ശരീരത്തിലാകെ പ്രവർത്തിക്കുന്ന ‘റിൻവോക്’ (Rinvoq) എന്ന മരുന്നിനാണ് അനുമതി നൽകിയിരിക്കുന്നത്. ദിവസത്തിൽ ഒരിക്കൽ കഴിക്കാവുന്ന ഈ ഗുളിക, ആവശ്യമായ മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്ന രോഗികൾക്ക് ഇനിമുതൽ യുഎഇയിൽ ലഭ്യമാകും.
പ്രധാന വിവരങ്ങൾ:
-
പ്രത്യേകത: ടോപ്പിക്കൽ ക്രീമുകൾ, ഫോട്ടോതെറാപ്പി, ലേസർ ചികിത്സകൾ എന്നിവ മാത്രം നിലവിലുണ്ടായിരുന്ന സ്ഥാനത്താണ് എളുപ്പത്തിൽ കഴിക്കാവുന്ന ഗുളിക രൂപത്തിലുള്ള മരുന്ന് എത്തുനന്ത്.
-
രോഗാവസ്ഥ: ചർമ്മത്തിന് നിറം നൽകുന്ന മെലനോസൈറ്റ് കോശങ്ങൾ നശിക്കുന്നത് മൂലമുണ്ടാകുന്ന ഈ അവസ്ഥ പകർച്ചവ്യാധിയല്ല.
-
ആരോഗ്യ രംഗത്തെ കുതിപ്പ്: ആഗോളതലത്തിലെ ശാസ്ത്രീയ മുന്നേറ്റങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്ന മികച്ച ഔഷധ നിയന്ത്രണ സംവിധാനത്തിന്റെ പ്രതിഫലനമാണ് ഈ നടപടിയെന്ന് ഇ.ഡി.ഇ അധികൃതർ അറിയിച്ചു.
ചർമ്മത്തിൽ അസ്വാഭാവികമായ നിറംമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായ രോഗനിർണയത്തിനായി വിദഗ്ധ ഡോക്ടർമാരെ സമീപിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Vitiligo Treatment UAE Rinvoq Vitiligo Medicine Emirates Drug Establishment UAE Health News Gulf Medical News Middle East News Malayalam
