കൊച്ചി: നാല് പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളിൽ തീരാത്ത ദുരൂഹതയായി തുടരുന്ന സുകുമാരക്കുറുപ്പ് വീണ്ടും വാർത്തകളിൽ നിറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ തരംഗമായി ‘fake’ അക്കൗണ്ടുകളും ചിത്രങ്ങളും. കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഇയാളുടെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കുറുപ്പിന്റെ പഴയ ചിത്രങ്ങൾക്ക് പുറമേ, പുതിയതെന്ന് തോന്നിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും ഈ അക്കൗണ്ടുകളിൽ പങ്കുവെക്കുന്നുണ്ട്. എന്നാൽ സുകുമാരക്കുറുപ്പിന്റെ യഥാർത്ഥ ചിത്രങ്ങൾ വളരെ പരിമിതമായി മാത്രം ലഭ്യമായിരിക്കെ, ഇപ്പോൾ പ്രചരിക്കുന്ന ഭൂരിഭാഗം ചിത്രങ്ങളും കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് വിലയിരുത്തൽ. ’42 വർഷത്തിന് ശേഷമുള്ള സുകുമാരക്കുറുപ്പിന്റെ ചിത്രം’ എന്ന പേരിലുള്ള പ്രചാരണങ്ങൾ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ വിശ്വസിക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കുറുപ്പ് വർഷങ്ങൾക്ക് മുമ്പ് ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരിക്കാമെന്ന നിഗമനത്തിൽ കേസ് അന്വേഷണം അന്തിമ റിപ്പോർട്ടിലേക്ക് നീങ്ങുന്നതിനിടെയാണ് ഇയാൾ വിദേശത്തുണ്ടെന്ന പുതിയ അവകാശവാദങ്ങൾ ഉയർന്നുവന്നത്. ഇൻ്റർപോൾ വഴിയുള്ള അന്വേഷണത്തിന് പൊലീസ് ഒരുങ്ങുമ്പോഴാണ് ഡിജിറ്റൽ ലോകത്ത് എഐ ചിത്രങ്ങളുമായി വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുന്നത്. പൊലീസ് സ്ഥിരീകരിക്കുന്ന വിവരങ്ങളും സോഷ്യൽ മീഡിയയിലെ ഇത്തരം പ്രചാരണങ്ങളും രണ്ടായി കണ്ട് ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
