പാലക്കാട്: സംസ്ഥാനത്ത് ലഹരിക്കെതിരെ പൊലീസ് നടപടികൾ ശക്തമാക്കുന്നതിനിടെ വിൽപനയ്ക്കായി പുതിയ ഡിജിറ്റൽ മാർഗങ്ങൾ തേടി ലഹരിസംഘങ്ങൾ. ഗേ ഡേറ്റിങ് ആപ്പായ ‘ഗ്രിൻഡർ’ (Grindr) വഴി എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരി വിൽപന നടത്താൻ ശ്രമങ്ങൾ നടക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ലഹരിസംഘങ്ങൾ ആവശ്യക്കാരെ കണ്ടെത്തുന്ന രീതിയാണ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ‘എം വേണോ’, ‘ഹൈ ആണോ വേണ്ടത്’ തുടങ്ങിയ കോഡ് ഭാഷകൾ ഉപയോഗിച്ചാണ് ചാറ്റുകളിൽ ആളുകളെ സമീപിക്കുന്നത്. താൽപര്യം കാണിക്കുന്നവർക്ക് തുകയും അളവും കൈമാറും. ഒരു ഗ്രാമിന് 3,000 രൂപ നിരക്കിലാണ് പലരും ആവശ്യപ്പെടുന്നത്. കൈവശമുള്ള ലഹരിയുടെ ചിത്രങ്ങൾ അയച്ചുകൊടുത്ത് വിശ്വാസ്യത ഉറപ്പാക്കിയ ശേഷം, ഡിജിറ്റൽ പേയ്മെന്റ് വഴി പണം കൈപ്പറ്റി ലൊക്കേഷൻ അയച്ചുനൽകുന്നതാണ് ഇവരുടെ രീതി.
വിൽപനയ്ക്ക് പുറമെ, ലഹരി വാഗ്ദാനം ചെയ്ത് മുൻകൂറായി പണം തട്ടിയെടുക്കുന്ന സംഘങ്ങളും ഈ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ‘ഓപ്പറേഷൻ തൂഫാൻ’ പോലുള്ള പൊലീസ് പരിശോധനകൾ ശക്തമായ പശ്ചാത്തലത്തിലാണ് ലഹരി സംഘങ്ങൾ സൈബർ ഇടങ്ങളിലേക്ക് മാറിയത്. സംഭവത്തിൽ നേരിട്ടുള്ള പരിശോധനകൾക്കൊപ്പം സൈബർ നിരീക്ഷണവും ശക്തമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കപ്പെടുന്നു.
#KeralaNews #Palakkad #DrugBust #CyberCrime #MDMA #KeralaPolice #OperationToofan #MediaOneInvestigation
