പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാറി’ന്റെ ടീസർ പുറത്തിറങ്ങി. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന കൊലപാതകവും അതിനെത്തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന.
ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക് ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതിക്ക് പുറമെ മാത്യു തോമസ്, വിജയരാഘവൻ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സെപ്റ്റംബർ 11-നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സെൻട്രൽ പിക്ചേഴ്സ് സ്വന്തമാക്കി. പാർവതിയുടെ ശക്തമായ പൊലീസ് വേഷവും പ്രമേയത്തിലെ ദുരൂഹതകളും കാരണം വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുന്നത്.
