ചാലക്കുടി (തൃശ്ശൂർ): കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂൾ കെട്ടിടം തകർന്നുവീണു. അപകടത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗവും ഓപ്പൺ സ്റ്റേജും പൂർണ്ണമായി നിലംപൊത്തി. ഇന്ന് ശ്രീകൃഷ്ണ ജയന്തി അവധിയായതിനാൽ സ്കൂളിൽ കുട്ടികളും അധ്യാപകരും ഉണ്ടാകാതിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്.
മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് പൊളിച്ചിട്ട ഭാഗത്തെ സംരക്ഷണ മതിലാണ് ആദ്യം ഇടിഞ്ഞു വീണത്. ഇതിന് തൊട്ടുപിന്നാലെ ക്ലാസുകൾ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന പ്രധാന കെട്ടിടഭാഗവും ഓപ്പൺ സ്റ്റേജും തകരുകയായിരുന്നു.
പ്രവൃത്തി ദിവസങ്ങളിലായിരുന്നു അപകടമെങ്കിൽ വലിയൊരു ജീവഹാനിക്ക് സാധ്യതയുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണ രീതികളുമാണ് അപകടത്തിന് കാരണമെന്ന ആക്ഷേപവുമായി പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്.
Thrissur News Chaypankuzhi School Building Collapse Chalakudy News Kodassery Panchayat School Safety Kerala News Malayora Highway Construction
