കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (IIMK) സംഘടിപ്പിക്കുന്ന ‘റീ ഇമാജിനിങ് കേരളം’ എന്ന ദ്വിദിന നേതൃത്വ ശിൽപശാലയ്ക്ക് ഐഐഎംകെ ക്യാംപസിൽ തുടക്കമായി. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ഭദ്രദീപം കൊളുത്തി ശിൽപശാല ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിക്കൊപ്പം സംസ്ഥാന മന്ത്രിസഭാംഗങ്ങളും ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒഎസ്ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ തുടങ്ങിയ ഉയർന്ന ഉദ്യോഗസ്ഥരും ക്യാംപിൽ പങ്കെടുക്കുന്നുണ്ട്. ഐഐഎംകെയിലെ പ്രമുഖ അധ്യാപകരും രാജ്യാന്തര വിദഗ്ധരുമാണ് വിവിധ വിഷയങ്ങളിൽ സെഷനുകൾ നയിക്കുന്നത്.
ഭാവി കേരളത്തിനായുള്ള കൂട്ടായ ചർച്ചകൾ
കേരളത്തിന്റെ നിലവിലെ വികസന നേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം ഭാവി വികസനത്തെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ചുള്ള കൂട്ടായ ആലോചനയ്ക്കാണ് ശിൽപശാലയിൽ പ്രാധാന്യം നൽകുന്നത്.
-
പ്രധാന ചർച്ചാവിഷയങ്ങൾ: ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, സാമ്പത്തിക-ധനകാര്യ മേഖല, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിന്റെ ആഗോള ബ്രാൻഡിങ്.
കേരള മന്ത്രിസഭയ്ക്കായി ഐഐഎംകെ നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് ഇതു രണ്ടാം തവണയാണ്. 2011-ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കായി ഐഐഎംകെ ഏകദിന നേതൃത്വ മാനേജ്മെന്റ് ശിൽപശാല സംഘടിപ്പിച്ചിരുന്നു.
Re Imagining Kerala IIM Kozhikode VD Satheesan Kerala Cabinet Workshop Kerala News Kozhikode News Kerala Government
