ആരോഗ്യമുള്ളതും ഇടതൂർന്നതുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ തുടർച്ചയായ മുടി കൊഴിച്ചിലും താരനും പലരുടെയും ആത്മവിശ്വാസം കെടുത്താറുണ്ട്. മിക്കപ്പോഴും പോഷകക്കുറവാണ് ഇതിന്റെ പ്രധാന കാരണം. ഇതിനായി കൃത്രിമ സപ്ലിമെന്റുകൾ വാങ്ങി കഴിക്കുന്നതിനേക്കാൾ നല്ലത്, ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഈ പ്രശ്നം സ്വാഭാവികമായി പരിഹരിക്കുന്നതാണ്. പ്രോട്ടീൻ, ഇരുമ്പ്, അവശ്യ വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ മുടിയുടെ ആരോഗ്യത്തെ ഉള്ളിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമാണ്.
മുടി തഴച്ചുവളരാൻ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ചില സൂപ്പർഫുഡുകൾ ഏതൊക്കെയാണെന്ന് നോക്കാം:
1. സൂര്യകാന്തി വിത്തുകൾ (Sunflower Seeds)
ബയോട്ടിൻ സപ്ലിമെന്റുകൾക്ക് പകരമായി ദിവസവും ഒരു ടേബിൾസ്പൂൾ സൂര്യകാന്തി വിത്തുകൾ കഴിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം, ലിനോലെയിക് ആസിഡ് എന്നിവ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയിഴകളെ ആഴത്തിൽ ഈർപ്പമുള്ളതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
2. മുരിങ്ങയില പൊടി (Moringa Powder)
ശരീരത്തിൽ ഇരുമ്പിന്റെ (Iron) കുറവുണ്ടാകുന്നത് മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇതിന് പരിഹാരമായി മുരിങ്ങയില പൊടി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വിറ്റാമിൻ എ, സി, ഇ, സിങ്ക്, ഇരുമ്പ്, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ മുരിങ്ങയില മുടിയുടെ വേരുകളെ ശക്തമാക്കുകയും കൊഴിച്ചിൽ ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
3. പനീർ (Paneer)
കൃത്രിമ പ്രോട്ടീൻ പൗഡറുകൾക്ക് പകരം ദിവസവും 100 ഗ്രാം പനീർ കഴിക്കുന്നത് ശീലമാക്കാം. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ പനീറിലെ വിറ്റാമിൻ ഇ, സെലിനിയം എന്നിവ മുടിയുടെ ഫോളിക്കിളുകളെ ശക്തിപ്പെടുത്താനും മുടിക്ക് ആവശ്യമായ ദീർഘകാല പോഷണം നൽകാനും സഹായിക്കുന്നു.
4. നെല്ലിക്ക (Amla)
വിറ്റാമിൻ സി സപ്ലിമെന്റുകൾക്ക് ഏറ്റവും മികച്ച സ്വാഭാവിക ബദലാണ് നെല്ലിക്ക. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ് എന്നിവ ധാരാളമുള്ള നെല്ലിക്ക പതിവായി കഴിക്കുന്നത് കട്ടിയുള്ള മുടി വളരാനും, താരൻ അകറ്റാനും, അകാല നര തടയാനും സഹായിക്കും.
5. ഫ്ലാക്സ് വിത്തുകൾ (Flaxseeds)
ഒമേഗ-3 സപ്ലിമെന്റുകൾക്ക് പകരമായി ഒരു ടേബിൾ സ്പൂൺ ഫ്ലാക്സ് വിത്തുകൾ ഭക്ഷണത്തിൽ ചേർക്കാം. ഇതിലെ പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുകളും തലയോട്ടിയിലെ വീക്കം (Inflammation) കുറയ്ക്കുകയും ആരോഗ്യകരമായ മുടി വളർച്ച ഉറപ്പാക്കുകയും ചെയ്യുന്നു.
6. തൈര് (Curd)
വിറ്റാമിൻ ബി 12 സപ്ലിമെന്റുകൾക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് തൈര്. പ്രോട്ടീനും ലാക്റ്റിക് ആസിഡും അടങ്ങിയ തൈര് ഒരു മികച്ച നാച്ചുറൽ കണ്ടീഷണറായി പ്രവർത്തിക്കുന്നു. ഇത് മുടികൊഴിച്ചിൽ നിയന്ത്രിക്കാനും തലയോട്ടിയിലെ മൃതകോശങ്ങളെ പുറംതള്ളി താരൻ പൂർണ്ണമായി മാറ്റാനും സഹായിക്കും.
