തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ നിർണ്ണായക സാക്ഷിമൊഴി. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ സിവിൽ സർവീസ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് കോടതിയിൽ മൊഴി നൽകി. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ വേളയിൽ പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
അപകടത്തിന് ശേഷം രക്തം പുരണ്ട ടി-ഷർട്ടും ജീൻസും കവടിയാറിലെ ക്വാർട്ടേഴ്സിൽ കൊണ്ടുപോയി വച്ച ശേഷമാണ് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച് ശ്രീറാമിനെ കിംസ് (KIMS) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡോ. അനീഷ് രാജ് മൊഴി നൽകി.
അതേസമയം, ക്വാർട്ടേഴ്സിൽ വച്ചിരുന്ന ഈ രക്തം പുരണ്ട വസ്ത്രങ്ങൾ പിന്നീട് പൊലീസിന് എടുത്തുനൽകിയത് താനാണെന്ന് പതിനൊന്നാം സാക്ഷിയും ശ്രീറാമിന്റെ സുഹൃത്തുമായ അമരീന്ദ്ര സിംഗും കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുവച്ചാണ് കേസിനാസ്പദമായ ദുരന്തമുണ്ടാകുന്നത്. ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ. എം. ബഷീർ സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു വാഹനം. അപകടസമയത്ത് വാഹനമോടിച്ചത് വഫയാണെന്ന് വരുത്തിതീർക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രീറാം ശ്രമിച്ചിരുന്നു. തുടക്കത്തിൽ പൊലീസും ഈ വാദം ശരിവച്ചെങ്കിലും ദൃക്സാക്ഷികളുടെ മൊഴികളും മാധ്യമപ്രവർത്തകരുടെ ഉറച്ച ഇടപെടലുകളുമാണ് സത്യം പുറത്തുകൊണ്ടുവന്നത്.
കേസിലെ പ്രധാനം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. എസ്. രാജേഷ് കോടതിയിൽ ഹാജരായി. വിചാരണ നടപടികൾ കോടതിയിൽ പുരോഗമിച്ചുവരികയാണ്.
