താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെച്ചതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ തുറന്നുപറഞ്ഞ് നടി അൻസിബ ഹസ്സൻ രംഗത്ത്. നടൻ ടിനി ടോമും സംഘടനയിലെ ചിലരുമാണ് തന്റെ രാജിക്ക് പിന്നിലെന്നും തനിക്കെതിരെ കടുത്ത അധിക്ഷേപങ്ങളാണ് ഉണ്ടായതെന്നും അൻസിബ ആരോപിച്ചു.
തനിക്ക് എല്ലാവരുമായി അവിഹിതബന്ധമുണ്ടെന്ന് ടിനി ടോം പറഞ്ഞുപരത്തിയതായും, ‘ജിഹാദി’ എന്ന് വിളിച്ച് വർഗീയമായി അധിക്ഷേപിച്ചതായും അൻസിബ തുറന്നടിച്ചു. തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ തന്നെ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്നതെന്നും താരം ചോദിച്ചു.
സംഘടനയ്ക്കുള്ളിൽ നടന്ന മറ്റ് ചില തർക്കങ്ങളെക്കുറിച്ചും അൻസിബ വെളിപ്പെടുത്തി. നടി നീന കുറുപ്പുമായി എക്സിക്യൂട്ടീവ് യോഗത്തിനിടെ തർക്കമുണ്ടായിരുന്നു. എന്നാൽ സംഘടനയുടെ കുടുംബ സംഗമത്തിനിടെ താൻ നീനയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന തരത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒരാൾ പോലീസിൽ വ്യാജ പരാതി നൽകുകയായിരുന്നു. ഈ പ്രതിസന്ധി ഘട്ടങ്ങളിലൊന്നും അമ്മയുടെ പ്രസിഡന്റോ സെക്രട്ടറിയോ തന്റെ കൂടെ നിന്നില്ലെന്നും, കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും അൻസിബ വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ നിലവിൽ നിയമനടപടികൾക്കൊന്നും താൻ മുതിരുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.
ഔദ്യോഗിക വിശദീകരണം തള്ളി അൻസിബ
വ്യക്തിപരമായ തിരക്കുകൾ കാരണമാണ് അൻസിബ രാജിവെച്ചതെന്ന സംഘടനയുടെ ഔദ്യോഗിക വിശദീകരണമാണ് അൻസിബയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുന്നത്. അൻസിബയുടെ രാജി അംഗീകരിച്ചതായി അറിയിച്ചുകൊണ്ട് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ നേരത്തെ മാധ്യമങ്ങളെ കണ്ടിരുന്നു. ഫെബ്രുവരി 21-ന് തന്നെ അൻസിബ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും, സിനിമയിലെ തിരക്കുകൾ കാരണം സംഘടനയുടെ മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് മെമ്പറായി തുടരുന്നില്ലെന്ന നിലപാട് താരം സ്വീകരിച്ചതെന്നുമായിരുന്നു ശ്വേത മേനോൻ പറഞ്ഞിരുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വെച്ച് അൻസിബയെ ഫോണിൽ വിളിച്ച് സംസാരിച്ച ശേഷമാണ് രാജി പാസാക്കിയതെന്നും ശ്വേത വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് സംഘടനയ്ക്കുള്ളിലെ കടുത്ത അവഗണനയും അധിക്ഷേപങ്ങളുമാണ് തന്നെ രാജിയിലേക്ക് നയിച്ചതെന്ന് അൻസിബ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
