Image credit - The hindu
ലോകകപ്പ് ഗ്രൂപ്പ് ജെ-യിലെ ആവേശകരമായ രണ്ടാം മത്സരത്തിൽ അർജന്റീന ഇന്ന് ഓസ്ട്രിയയെ നേരിടും. ആദ്യ മത്സരത്തിൽ അൾജീരിയയെ തകർത്ത പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് അർജന്റീന ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അർജന്റീനയ്ക്ക് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാം.
ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ ലയണൽ മെസി നേടിയ തകർപ്പൻ ഹാട്രിക്കാണ് അർജന്റീനയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. മെസിയുടെ ഈ അസാധ്യ ഫോം തന്നെയാണ് ഇന്നും ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷ. മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ എന്നിവരുടെ സ്ഥിരതയാർന്ന പ്രകടനവും മുന്നേറ്റത്തിൽ ഹൂലിയൻ അൽവാരസ്, ലൗതാരോ മാർട്ടിനസ് എന്നിവരുടെ സാന്നിധ്യവും അർജന്റീനയ്ക്ക് കരുത്താകും.
ഇന്നത്തെ മത്സരത്തിൽ മെസി ഒരു ഗോൾ കൂടി നേടിയാൽ ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു പുതിയ അധ്യായം പിറക്കും. കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്കോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പം മെസി എത്തിയിരുന്നു. ഇന്ന് വലകുലുക്കാനായാൽ 17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡ് മെസിക്ക് സ്വന്തമാകും. നിലവിൽ കളിക്കുന്ന താരങ്ങളിൽ 14 ഗോളുകളുമായി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയാണ് മെസിക്ക് തൊട്ടുപിന്നിലുള്ളത്.
മറുഭാഗത്ത്, ആദ്യ മത്സരത്തിൽ ജോർദാനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രിയ അർജന്റീനയെ നേരിടാൻ ഒരുങ്ങുന്നത്. നിലവിൽ ഗ്രൂപ്പ് ജെ-യിൽ അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ കരുത്തന്മാർ നേർക്കുനേർ വരുമ്പോൾ ഡാലസിലെ പോരാട്ടം കടുക്കുമെന്നുറപ്പാണ്.
